NEWS UPDATE

6/recent/ticker-posts

പ്രതീ‌ക്ഷയായി‌‌ അർബുദ മരുന്ന്; പരീക്ഷിച്ച 18 രോഗികൾക്കും പൂർണസൗഖ്യം, ആദ്യ സംഭവം

ന്യൂഡൽഹി: മലാശയ അർബുദ ബാധിതരായ 18 പേരിൽ ‘ഡൊസ്റ്റർലിമാബ്’ എന്ന പുതിയ മരുന്നു പരീക്ഷിച്ചതു വിജയം കണ്ടു. പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവർക്കും സൗഖ്യം ലഭിക്കുന്നത് അർബുദ ചികിത്സാ രംഗത്ത് ആദ്യമാണ്. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലായിരുന്നു പരീക്ഷണം.[www.malabarflash.com]


നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 അർബുദ രോഗികൾക്കു മൂന്നാഴ്ചയിൽ ഒരിക്കൽ വീതം 6 മാസത്തേക്ക് ഡൊസ്റ്റർലിമാബ് നൽകി. അർബുദ വളർച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടർന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം. 6 മാസം കഴിച്ചപ്പോൾ അർബുദ വളർച്ച പൂർണമായും ഇല്ലാതായി. അർബുദ നിർണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്കാൻ, എംആർഐ സ്കാൻ ഉൾപ്പെടെ എല്ലാ പരിശോധനയിലും രോഗം പൂർണമായും മാറിയതായി കണ്ടെത്തി. പാർശ്വ ഫലങ്ങളൊന്നുമില്ല താനും.

ശരീരത്തിലെ ആന്റിബോഡികൾക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നൽകിയ ഡോ.ലൂയി എ.ഡയസ് ജൂനിയർ പറഞ്ഞു. അർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടർമാർ വിലയിരുത്തി.

‘പ്രമുഖ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ കണ്ടുപിടിത്തം ഉറപ്പായും വലിയ മുന്നേറ്റമാണ്. എന്നാൽ, കോശങ്ങളെ സമഗ്രവും സൂക്ഷ്മവുമായ മൈക്രോസ്കോപിക് പഠനത്തിനു (ഹിസ്റ്റോളജി) വിധേയമാക്കിയതിനു ശേഷമല്ല രോഗമുക്തി തീരുമാനിച്ചത് എന്നതു പോരായ്മയാണ്. മരുന്ന് ഉപയോഗിച്ചത് വളരെ കുറച്ചു രോഗികളിലാണ്. ദീർഘകാല പരിശോധനകളിലൂടെ മാത്രമേ രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ടോയെന്ന് അറിയാനാകൂ.

ജീൻതലത്തിൽനിന്നു തന്നെ രോഗം മാറുന്നുവെന്ന് ഉറപ്പാക്കുകയും കൂടുതൽ രോഗികളിൽ ഫലവത്താകുകയും ചെയ്താൽ തീർച്ചയായും ഇതു നാഴികക്കല്ലാകും. യുവാക്കളിൽ മലാശയ അർബുദം കൂടി വരുന്ന കേരളത്തിൽ ഈ പഠനത്തിനു വളരെ പ്രസക്തിയുണ്ട്.’ – ഡോ. എം.വി.പിള്ള (പ്രസിഡന്റ്, ഇന്റർനാഷനൽ നെറ്റ്‌വർക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്, യുഎസ്)

Post a Comment

0 Comments