കൊച്ചി: മൂവാറ്റുപുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫിന്റെ നീട്ടി വളർത്തിയ താടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. ചിത്രം വെെറലായതോടെ ചൂടേറിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് സംഭവം വഴിവെച്ചത്. 'താലിബാന്‍ താടിവെച്ച കേരള പോലീസ്' എന്ന ക്യാപ്ഷനോടെ സംഘപരിവാർ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.[www.malabarflash.com]
എന്നാൽ താൻ താടി വെക്കുന്നതിൽ നിയമപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഒരു കാരണവശാലും താടി വടിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഷ്റഫ്. ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾ സാമൂഹിക അന്തരീക്ഷം മാറിയതിനാലാകാമെന്നും അഷ്റഫ് പ്രതികരിച്ചു.
ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലിലെ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ ഉദ്യോഗസ്ഥന്റെ താടിയെച്ചൊല്ലി നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളിയുണ്ടായെന്ന വാര്‍ത്ത സിപിഐഎം കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് നിഷേധിച്ചു. ഉദ്യോഗസ്ഥന്‍ താടി വളര്‍ത്തിയത് അപമാനമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മറിച്ച് മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൗണ്‍സിലറുടെ പരാമര്‍ശമാണ് കയ്യാങ്കളിയിലേക്ക് നയിച്ചതെന്നും ജാഫര്‍ സാദ്ദിഖ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
0 Comments