NEWS UPDATE

6/recent/ticker-posts

അഗ്നിപഥ്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: സേനയിലേക്കുള്ള നിയമനത്തിനായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 35 വാട്‌സാപ് ഗ്രൂപ്പുകൾ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കിംവദന്തികൾ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും 10 പേരെ അറസ്റ്റ് ചെയ്തു. വസ്തുതാ അന്വേഷണത്തിനായി കേന്ദ്രസർക്കാർ 87997 11259 എന്ന നമ്പർ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.[www.malabarflash.com]


ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ അഗ്നിപഥിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ വാട്സാപ് പോലുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരുമ്പോഴാണു സർക്കാർ നടപടി. ഇതേത്തുടർന്ന് ബിഹാർ സർക്കാർ ജൂൺ 19 വരെ 12 ജില്ലകളിലെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. അറസ്റ്റിലായ പ്രതിഷേധക്കാരുടെ മൊബൈൽ ഫോണുകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ കോച്ചിങ് സെന്ററുകളുടെ പങ്ക് വ്യക്തമാക്കുന്നതായി പട്‌നയിലെ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ യുവാക്കളെ പ്രേരിപ്പിച്ചെന്നാരോപിച്ച് ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിലെ നരസരോപേട്ട് പട്ടണത്തിലെ കോച്ചിങ് സ്ഥാപനത്തിന്റെ ഉടമ അവുല സുബ്ബ റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൂറുകണക്കിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി ‘ഹക്കിംപേട്ട് ആർമി സോൾജേഴ്‌സ്’ എന്ന വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ആരോപണം.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് എല്ലാ അംഗങ്ങൾക്കും ഈ ഗ്രൂപ്പിൽ സന്ദേശങ്ങൾ അയച്ചെന്നും കണ്ടെത്തി. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് കാണിച്ച് ഉദ്യോഗാർഥികൾ രേഖാമൂലം സത്യവാങ്മൂലം സമർപ്പിക്കണം.

Post a Comment

0 Comments