NEWS UPDATE

6/recent/ticker-posts

തൃക്കാക്കരയില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോയി; ആകെ കിട്ടിയത് 9.57% വോട്ട് മാത്രം

തിരുവനന്തപുരം: എ പ്ളസ് മണ്ഡലമെങ്കിലും സംസ്ഥാനം ആകാംക്ഷയോടെ ശ്രദ്ധിച്ച തൃക്കാക്കര പോരിൽ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ പോള്‍ ചെയ്തതിന്‍റെ ആറിലൊന്ന് വോട്ട് ലഭിക്കണം എന്നാണ്. ബിജെപിക്ക് 9.57 ശതമാനം വോട്ട് മാത്രമാണ് ആകെ കിട്ടിയത്.[www.malabarflash.com]

മുൻവർഷത്തെക്കാൾ വോട്ടും വോട്ട് ശതനമാവും കുറഞ്ഞത് കെ സുരേന്ദ്രനെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. പി സി ജോർജ്ജിനെ കൊണ്ടുവന്നിട്ടും ബിജെപിക്ക് ഒരു നേട്ടവുമുണ്ടാക്കാനായില്ല

യുഡിഎഫ്-എൽഡിഎഫ് നേർക്കുനേർ പോരിൽ ബിജപിക്ക് വലിയ റോളില്ലായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി പാർട്ടി കരുതിയിരുന്നില്ല. സംസ്ഥാന വൈസ് പ്രസിഡമന്‍റ് എ എൻ രാധാകൃഷ്ണനെന്ന മുതിർന്ന നേതാവിനെ ഇറക്കിയത് വലിയ പോരാട്ടത്തിന് തന്നെയായിരുന്നു. പി സി ജോർജിന്‍റെ അറസ്റ്റോടെ ഇരട്ടനീതി വാദം കൃസ്ത്യൻ വോട്ട് നിർണ്ണായകമായ മണ്ഡലത്തിൽ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും ബിജെപി പ്രതീക്ഷിച്ചു. പക്ഷേ, ജോർജിനെ ഇറക്കിയിട്ടും താമരയ്ക്ക് വട്ട പൂജ്യം തന്നെ. 12957 വോട്ട് മാത്രമാണ് അക്കൗണ്ടിൽ കയറി കൂടിയത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി നേടിയത് 15483 വോട്ടായിരുന്നു. ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയുണ്ടായിട്ട് പോലും അന്നുണ്ടാക്കിയ നേട്ടം ട്വന്‍റി ട്വന്‍റിയുടെ അസാന്നിധ്യത്തിൽ ആവർത്തിക്കാനായില്ല എന്നത് എടുത്ത് പറയേണ്ടതാണ്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് ശത്മാനത്തിലും താഴെ പോയി ഇത്തവണ. 2016ൽ 15 ഉം 2021ൽ 11.37 ഉം ശതമാനമായിരുന്നു നേടിയത്. ഇത്തവണ വെറും 9.57 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. തിരിച്ചടിക്കപ്പുറം ബിജപിയെ ഞെട്ടിക്കുന്ന പാഠം കൂടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. തീവ്രനിലപാടുകളുടെ പരീക്ഷണശാലയാക്കി നേട്ടമുണ്ടാക്കാനുള്ള ഉത്തരേന്ത്യൻ മോഡൽ കേരളത്തിൽ വിജയിക്കില്ലെന്ന് കാണിക്കുന്നു ഉപതെരഞ്ഞെടുപ്പ് കണക്കുകള്‍. 

കൃസ്ത്യൻ വോട്ട് പിടിക്കാനുള്ള അടവുകളെല്ലാം പൊളിയുന്നതും മതന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആ‌ജ്ജിക്കാനാകാത്തതും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന അധ്യക്ഷനെ മാറ്റുമോ എന്ന അഭ്യൂഹങ്ങൾ ഉയരുമ്പോഴാണ് കേരളത്തിൽ നിന്നും ബിജെപിക്കുള്ള മറ്റൊരു തിരിച്ചടി കൂടി ഏറ്റുവാങ്ങുന്നത്.

1951 -ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ( Representation of Poeples Act) 34 (1) അനുച്ഛേദം പ്രകാരം ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ അർഹതയുള്ള ഏതൊരു പൗരനും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടൊപ്പം ഒരു സംഖ്യ ഇലക്ഷൻ ഡെപ്പോസിറ്റ് ആയി കെട്ടി വെക്കണം. ആകെ പോൾ ചെയ്യപ്പെടുന്ന വോട്ടുകളുടെ ആറിലൊന്നെങ്കിലും നേടുന്നവർക്ക്‌ മാത്രമേ നേരത്തെ വാങ്ങിവെക്കുന്ന ഈ തുക തിരിച്ചു കിട്ടുകയുള്ളൂ.

Post a Comment

0 Comments