NEWS UPDATE

6/recent/ticker-posts

കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

കൊല്ലം: മണ്ണെണ്ണ കുടിച്ചതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ചു. കൊല്ലം ചവറയിൽ ഉണ്ണികൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷാണ് മരിച്ചത്. ഇവരുടെ ബന്ധുവീട്ടിൽ വച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു മരണം. കുട്ടിയുടെ അച്ഛനും അമ്മയും ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെയാണ് ആരുഷ് മണ്ണെണ്ണ കുടിച്ചത്.[www.malabarflash.com]


മുറിയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി കുപ്പിയിൽ നിന്ന് മണ്ണെണ്ണ കുടിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപകത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഐശ്വര്യയാണ് ആരുഷിന്റെ സഹോദരി.

രക്ഷിതാക്കളുടെ അശ്രദ്ധമൂലം കളിക്കുന്നതിനിടെ കുട്ടികൾ മരിക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ ആരോഗ്യവിഷയത്തില്‍ മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരാം. ഇതില്‍ ഓരോ പ്രായക്കാരുടെ വിഭാഗത്തിനും പ്രത്യേകം തന്നെ കരുതല്‍ വേണ്ടിവരാം. 

ഏപ്രിലിൽ കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചിരുന്നു. കളിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങിയത്.

മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയെന്ന് കണ്ട ഉടന്‍ തന്നെ കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഇരിങ്ങാലക്കുടയില്‍ സമാനമായ രീതിയില്‍ കളിക്കുന്നതിനിടെ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. കളിക്കുന്നതിനിടെ അറിയാതെ പന്ത് വിഴുങ്ങിപ്പോവുകയായിരുന്നു കുഞ്ഞ്. പിന്നീട് കുഞ്ഞിന് എന്തോ അസ്വസ്ഥതയുണ്ടെന്ന് മനസിലാക്കിയ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി നാലുവയസുകാരി മരിച്ച സംഭവവും നടന്നത് മാസങ്ങൾക്കുള്ളിലാണ്. കോഴിക്കോട് ഉള്ളിയേരിയാണ് ദാരുണമായ സംഭവം നടന്നത്.

ഈ സംഭവങ്ങളെല്ലാം കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് നടന്നിരിക്കുന്നത്. ഇത്തരം കേസുകളിലെല്ലാം കുട്ടികള്‍ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിനാണ് പ്രധാനമായും ഇങ്ങനെയുള്ള അപകടങ്ങളില്‍ പ്രശ്‌നം സംഭവിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയാണ്.

ഒരുപാട് കാര്യങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ നിന്ന് മനസിലാക്കാനുണ്ട്. പ്രധാനമായും കുട്ടികളെ സ്വതന്ത്രരായി കളിക്കാന്‍ വിട്ട ശേഷം അവരെ ശ്രദ്ധിക്കാതിരിക്കരുത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, അതും സുരക്ഷിതമായവ മാത്രം അവര്‍ക്ക് നല്‍കുക. മറ്റ് സാധനങ്ങള്‍ കുട്ടികള്‍ കൈവശപ്പെടുത്തുമ്പോള്‍ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ അത് പെട്ടിരിക്കണം. കാരണം, ഇത്തരത്തിലുള്ള ഒട്ടുമിക്ക അപകടങ്ങളും അശ്രദ്ധ മൂലമാണ് സംഭവിക്കുന്നത്. കുട്ടികളുടെ കയ്യെത്തും വിധത്തില്‍ ചെറിയ സാധനങ്ങള്‍, അപകടകരമായ ഉപകരണങ്ങള്‍, മണ്ണെണ്ണ പോലുള്ള വസ്തുക്കൾ എന്നിവ വയ്ക്കാതിരിക്കാം.

Post a Comment

0 Comments