NEWS UPDATE

6/recent/ticker-posts

കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയായ സിപിഎം നേതാവ് തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന നെട്ടയം ശ്രീരാമവിലാസത്തില്‍ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയായ സി.പി.എം. നേതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകക്കേസിന്റെ വിചാരണനടപടികള്‍ ജൂലായ് ഒന്നിന് സി.ബി.ഐ. കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സംഭവം.[www.malabarflash.com]


സി.പി.എം. അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയ സെക്രട്ടറിയുമായ പത്തടി തോലൂര്‍ വടക്കേവിളവീട്ടില്‍ ജെ.പദ്മനെ(52)യാണ് പത്തടിയിലെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള ഏരൂര്‍ തെക്കേവയല്‍ ഭാഗത്ത് വട്ടമരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വെള്ളമെടുക്കാനായി വന്ന നാട്ടുകാരനാണ് മൃതദേഹം കണ്ടത്. ഏരൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

മൃതദേഹം കണ്ടെത്തിയ വയലിനോടുചേര്‍ന്നുള്ള റോഡില്‍ പദ്മന്റെ ബൈക്ക് കണ്ടെത്തി. ബൈക്കില്‍നിന്ന് മൊബൈല്‍ ഫോണും ലഭിച്ചിട്ടുണ്ട്. റെനിയാണ് പദ്മന്റെ ഭാര്യ. മക്കള്‍: ശിവ, ശിഖ.

2010 ഏപ്രില്‍ പത്തിന് രാത്രി ഒന്‍പതിനാണ് നെട്ടയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്രനെ സി.പി.എം. പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോള്‍ ജെ.പദ്മന്‍ സി.പി.എം. ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കളടക്കം 16 പേരെ കേസില്‍ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. യു.ഡി.എഫ്. സര്‍ക്കാര്‍ കേസ് സി.ബി.ഐ.ക്ക് വിട്ടെങ്കിലും അവര്‍ ആദ്യം അന്വേഷണം ഏറ്റെടുത്തില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെ 2018 നവംബര്‍ 28-ന് കേസ് സി.ബി.ഐ.ക്ക് കൈമാറി. കേസിലെ 17-ാം പ്രതി നേരത്തേ മരിച്ചിരുന്നു.

Post a Comment

0 Comments