ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെ വെട്ടിലാക്കിയ നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശം, അന്തർദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രധാന പങ്കുവഹിച്ച മാധ്യമപ്രവർത്തകരായ റാണ അയ്യൂബിനും ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനും വ്യാപക വധഭീഷണി.[www.malabarflash.com]
ഇരുവർക്കും ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ് വധഭീഷണി ലഭിക്കുന്നത്. ലൈംഗികമായി അധിക്ഷേപിക്കുന്ന നിരവധി കമന്റുകളും ബലാത്സംഗ ഭീഷണിയും റാണ അയ്യൂബിന്റെ ട്വിറ്റർ അക്കൗണ്ടുകളിൽ നിറയുന്നുണ്ട്. 10 ദിവസം മുമ്പ് ടൈംസ് നൗ ചാനലിലൂടെ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദയുടെ വിഡിയോ ലിങ്ക് മുഹമ്മദ് സുബൈർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
നിരവധി പേർ ഇത് പങ്കുവെക്കുകയും വിമർശനം ഉയരുകയും ചെയ്തതോടെ വിഡിയോ ടൈംസ് നൗ ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെ, ടി.വി ചർച്ച മൊബൈലിൽ റെക്കോഡ് ചെയ്ത വിഡിയോ റാണ അയ്യൂബ് ട്വിറ്ററിൽ പങ്കുവെച്ചു. ഇതോടെ വിഷയം വീണ്ടും ചർച്ചയാവുകയായിരുന്നു. റാണയുടെയും സുബൈറിന്റെയും ട്വിറ്റർ വിഡിയോകൾ അന്തർദേശീയ തലത്തിലെ പല പ്രമുഖരും പങ്കുവെക്കുകയുണ്ടായി.
0 Comments