തിരുവനന്തപുരം: പേരൂർക്കട സ്വദേശിയായ അച്ഛന്‍ മകനൊപ്പം അർധരാത്രി ടാങ്കർലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കി. മരണത്തിന് ഉത്തരവാദികളായവർ എന്ന പേരിൽ ചിലരുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തശേഷമായിരുന്നു ആത്മഹത്യ. ഇന്ധന ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി.[www.malabarflash.com]
പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. മാമം പാലത്തിനു സമീപം ഇന്നലെ രാത്രി 12നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവർ. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേ തുടർന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയാറാക്കി വച്ചിരുന്നു.
പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇന്നലെ രാത്രി 10.59ന് ‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന് പ്രകാശ് ഫെയ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് എത്തിയ ഇവർ വാഹനം ടാങ്കറിലേക്ക് ഇടിച്ചു കയറ്റിയത്.
0 Comments