NEWS UPDATE

6/recent/ticker-posts

'പ്രവാചകനിന്ദ': ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ച് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍

കുവൈറ്റ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നുപുർ ശർമ്മ ന‌ടത്തിയ അപകീർത്തി പരാമർശത്തെ തുടർന്ന് കുവൈറ്റ് സൂപ്പർമാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ചു. അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് തേയില ഉൾപ്പടെയുള്ള ഇന്ത്യൻ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് പിൻവലിച്ച് ട്രോളികളിൽ കൂട്ടിയിട്ടത്.[www.malabarflash.com]

അരി ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പടെയുള്ള സാധന സാമ​ഗ്രികളുള്ള അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടി "ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു" എന്ന് അറബിയിൽ അച്ചടിച്ച ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയിൽ ഞങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി അറിയിച്ചു. കമ്പനിയിലുടനീളം ഈ ബഹിഷ്‌കരണം പരിഗണിക്കുകയാണെന്നും ശൃംഖലയിലെ മറ്റൊരുദ്യോ​ഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വിദ്വേഷ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറും കുവൈറ്റും ഒമാനും ഇന്ത്യൻ അംബാസഡറുമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. 

അതേസമയം അപകീർത്തി പരാമർശം നടത്തിയ നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യാനുള്ള ബിജെപി തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഗ്യാൻവാപി വിഷയത്തിൽ നടന്ന ചർച്ചയിൽ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. 

പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു. 

വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

Post a Comment

0 Comments