NEWS UPDATE

6/recent/ticker-posts

ഹെല്‍മറ്റില്ലാത്തതിന് പിഴയടപ്പിച്ചു, പോലീസ് സ്റ്റേഷന്‍റെ ഫ്യൂസൂരി ലൈന്മ‍ാന്‍റെ പ്രതികാരം

ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ചലാൻ ലഭിച്ചതിനെ തുടർന്ന് ഇലക്‌ട്രിസിറ്റി ബോർഡ് ലൈൻമാൻ പോലീസ് സ്‌റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. പോലീസ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പോലീസിനോട് പ്രതികാരം ചെയ്‍ത ഇലക്‌ട്രിസിറ്റി ബോർഡ് ലൈൻമാന്‍റെ കഥ കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ.[www.malabarflash.com]


ബറേലിയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ലൈന്‍മാനായ വ്യക്തി ജോലിക്കായി മോട്ടോർ സൈക്കിളിൽ പോകുന്നതിനിടെ പതിവ് പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് പോലീസ് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. എന്നാല്‍, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുമ്പോഴും പോലീസ് തടഞ്ഞു നിര്‍ത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. ലൈൻമാൻ ഓഫീസിലെ സീനിയേഴ്‍സിനെ വിളിച്ചെങ്കിലും പോലീസ് അത് കേൾക്കാൻ തയ്യാറായില്ല. 

ഹെൽമറ്റ് ധരിക്കാത്തതിന് ചെക്ക് പോസ്റ്റിലെ പോലീസുകാർ ലൈൻമാന് ചലാൻ നൽകി. അങ്ങനെ അയാൾക്ക് 500 രൂപ ചലാൻ ലഭിച്ചു. കൂടാതെ മോട്ടോർ സൈക്കിൾ പിടിച്ചെടുക്കുമെന്നും പോലീസുകാർ ഭീഷണിപ്പെടുത്തി.

എന്നാല്‍ ഇതിനു ശേഷം ലൈന്‍മാന്‍ നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക് ആയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യുകയായിരുന്നു എന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, പോലീസ് പിഴ ചുമത്തിയതിന്‍റെ പ്രതികാരമായല്ല ഇങ്ങനെ ചെയ്‍തതെന്നും ലൈന്‍മാന്‍ പറയുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് അനധികൃതമായി നല്‍കിയിരുന്ന കണക്ഷനാണ് താന്‍ വിച്ഛേദിക്കുന്നതെന്നായിരുന്നു ലൈന്‍മാന്‍ നല്‍കിയ വിശദീകരണം.

വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, അതേസമയം, അനധികൃതമായാണ് വൈദ്യുതി ലഭിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലൈന്‍മാന്റെ പ്രതികാര നടപടിയായാണോ വൈദ്യുത ബന്ധം വിച്ഛേദിച്ചതെന്ന് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments