NEWS UPDATE

6/recent/ticker-posts

'മുട്ട കോഴിയുടെ ആർത്തവ രക്തം'; കുട്ടികൾക്ക് മുട്ട കൊടുക്കരുതെന്ന് മനേകാ ഗാന്ധി

ഹൈദരാബാദ്: കോഴി മുട്ടയെക്കുറിച്ച് അശാസ്ത്രീയ വാദമുയര്‍ത്തി ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉണ്ടാവുന്നതെന്നും പ്രത്യേകിച്ചും കുട്ടികള്‍ മുട്ട കഴിക്കരുതെന്നും മനേക ഗാന്ധി പറഞ്ഞു. ഹൈദരാബാദില്‍ ശ്രീ ജയിന്‍ സേവ സംഘ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.[www.malabarflash.com]

ഭക്ഷ്യ വസ്തുവായി മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ത്തലാക്കണമെന്നും മനേക ഗാന്ധി അഭിപ്രായപ്പെട്ടു. തീര്‍ത്തും അശാസ്ത്രീയ വാദമാണിതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചില ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളില്‍ മാത്രമാണ് ആര്‍ത്തവമുള്ളതെന്നും കോഴികള്‍ക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മനേക ഗാന്ധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പരിഹാസമാണ് ഉയരുന്നത്. ആര്‍ത്തവമുള്ള കോഴിക്ക് ഇനി മറ്റെന്തിലും വിലക്കുകളുണ്ടാവുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍. 

മുട്ട കഴിക്കുന്നത് കര്‍ണാടകയിലുള്‍പ്പെടെ വിവാദ വിഷയമാണ്. കര്‍ണാടകയില്‍ സ്‌കൂള്‍ ഉച്ച ഭക്ഷണത്തില്‍ മുട്ടയുള്‍പ്പെടുത്തിയതിനെതിരെ അടുത്തിടെ ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍ ഫെഡറേഷന്‍ രംഗത്ത് വന്നിരുന്നു. 

ഛത്തീസ്ഖണ്ഡില്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ബിജെപി എതിര്‍ത്തിരുന്നു. പോഷക ഗുണമേറെയുള്ള മുട്ട വിശ്വാസത്തിന്റെ പേരിലും മറ്റും ഭക്ഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Post a Comment

0 Comments