NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലീസ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണം പോലീസ് പിടികൂടി. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി നസീം അഹമ്മദിനെയാണ് 850 ഗ്രാം സ്വര്‍ണവുമായി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയത്.[www.malabarflash.com]


ശനിയാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലെത്തിയ ഇയാളെ വിമാനത്താവള പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യംചെയ്തതോടെ സ്വര്‍ണക്കടത്തുകാരനാണെന്ന് കണ്ടെത്തുകയും എക്‌സറേ പരിശോധനയില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയുമായിരുന്നു.

മൂന്ന് ക്യാപ്‌സ്യൂളുകളിലാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ പിടിയിലായതറിഞ്ഞ് സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേര്‍ വിമാനത്താവള പരിസരത്തുനിന്ന് മുങ്ങി. ഇവരെ കണ്ടെത്താനായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments