NEWS UPDATE

6/recent/ticker-posts

കോണ്‍ഗ്രസ് നേതാവും മുൻദേവസ്വം ബോര്‍ഡ് പ്രസിഡൻ്റുമായ പ്രയാര്‍ ഗോപാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: ചടയമംഗലം മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. ഓച്ചിറയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.[www.malabarflash.com] 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും മില്‍മ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിയോഗം. കേരള വിദ്യാര്‍ത്ഥി യൂണിയനിലൂടെയാണ് പ്രയാര്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ കൊല്ലം ജില്ലാ അധ്യക്ഷനായിരുന്നു. മില്‍മയെ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായി വളര്‍ത്തിയെടുത്തത് പ്രയാറായിരുന്നു. മില്‍മ എന്ന പേരും മുന്നോക്ക വികസന കോര്‍പറേഷന് സമുന്നതി എന്ന പേരും പ്രയാറിന്റെ സംഭാവനയാണ്. 

ചടയമംഗലം എംഎല്‍എയായി നിയമസഭയില്‍ എത്തിയ പ്രയാര്‍, മണ്ഡലത്തിന്റെ സമഗ്ര വികസനത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തിയ സാമാജികനായിരുന്നു. അതുകൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രം ചടയമംഗലം യുഡിഎഫിനൊപ്പം നിന്നിട്ടും, ചടയമംഗലത്തിന്റെ വികസന നായകന്‍ എന്ന പേര് പ്രയാറിന് സ്വന്തമായത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ശ്രദ്ധേയമായി. യുവതീപ്രവേശനത്തെ എതിര്‍ത്തു കൊണ്ട് കര്‍ശന നിലപാടായിരുന്നു പ്രയാറിന്റേത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി. എന്നാല്‍, യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തി. കോണ്‍ഗ്രസ് നേതൃത്വം വേണ്ടവിധം പരിഗണിക്കാത്ത പ്രയാറിനെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും, അന്ത്യശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്ക് പാലിച്ചു കൊണ്ടാണ് പ്രയാറിന്റെ വിടവാങ്ങല്‍. 

പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മില്‍മയെയും നയിച്ച അദ്ദേഹം ദീര്‍ഘകാലമായി സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തില്‍ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തലയും അനുശോചിച്ചു. കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസ്സും കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റു സൃഷ്ടിച്ച കാലഘട്ടത്തില്‍ അതു രണ്ടിന്റെയും മുന്‍നിരപ്പോരാളികളിലൊരാളായിരുന്നു പ്രയാര്‍. അതേസമയം, വിനയവും എളിമയുമായിരുന്നു പ്രയാറിന്റെ മുഖമുദ്ര. പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണ്ണകാലമായിരുന്നു. താനുമായി ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേര്‍പാട് അത്യന്തം ദുഃഖമുളവാക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment

0 Comments