ദോഹ: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയുടെ പ്രസ്താവന നയതന്ത്ര തലത്തിലും ചര്‍ച്ചയാവുന്നു. ഖത്തറും കുവൈത്തും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളാണ് പ്രതിഷേധം അറിയിച്ചത്.[www.malabarflash.com]
ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമെന്നും ഇന്ത്യാ ഗവര്‍മെന്റ് ഇതില്‍ ക്ഷമാപണം നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലിനോട് ആവശ്യപ്പെട്ടു.
എന്നാല്‍, ഇത് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായപ്രകടനമല്ലെന്നും ഇത്തരം പ്രസ്താവനകളെ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലും പിന്തുണക്കുന്നില്ലെന്നും ദീപക് മിത്തല്‍ മറുപടി നല്‍കി. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി വിവാദ പ്രസ്താവന നടത്തിയ നേതാവിനെതിരേ നടപടി എടുത്തുവെന്ന് ദീപക് മിത്തല്‍ അറിയിക്കുകയും ചെയ്തു.
നേതാവിനെതിരേ നടപടി എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
0 Comments