ആന്ധ്രാപ്രദേശ്: പിതാവിന്റെ മന്ത്രവാദ ചികിത്സക്ക് വിധേയയായ നാല് വയസ്സുകാരി മരിച്ചു. നെല്ലൂർ ജില്ലയിലെ ആത്മക്കൂറിനടുത്തുള്ള പേരാറെഡ്ഡിപ്പള്ളി ഗ്രാമത്തിൽ വേണുഗോപാലിന്റെ മകൾ പുനർവികയാണ് ദാരുണമായി മരണപ്പെട്ടത്.[www.malabarflash.com]
വേണുഗോപാൽ ബുധനാഴ്ച തന്റെ വീട്ടിൽ നടത്തിയ മന്ത്രവാദ ചികിത്സക്കിടെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരണം. വേണുഗോപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിസിനസിൽ നഷ്ടം നേരിട്ട വേണുഗോപാൽ പ്രാദേശിക തന്ത്രിമാരുമായി ആലോചിച്ച ശേഷമാണ് മന്ത്രവാദ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. "ദുഷ്ട ശക്തികളെ അകറ്റാൻ" വേണ്ടിയുള്ള ആചാരങ്ങളാണ് നടത്തിയത്. ചികിത്സയുടെ ഭാഗമായി മകൾ പുനർവികയുടെ വായിൽ സിന്ദൂരവും മഞ്ഞളും പുരട്ടിയതായി ആത്മകൂർ പോലീസ് പറഞ്ഞു. ഇതിനുപിന്നാലെ കുഞ്ഞ് ബോധംകെട്ടുവീണു.
ശബ്ദം കേട്ട് അയൽവാസികൾ എത്തിയാണ് അബോധാവസ്ഥയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആദ്യം നെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് ചെന്നൈയിലെ ആശുപത്രിയിലും കൊണ്ടുപോയി. എന്നാൽ, പുനർവിക വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.
ബുധനാഴ്ച മുതൽ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ശ്വാസംമുട്ടിയാണ് മരണമെന്നും ആത്മകൂർ സബ് ഇൻസ്പെക്ടർ ശിവശങ്കർ പറഞ്ഞു. അതേസമയം, വേണുഗോപാലിന് മാനസിക വൈകല്യം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.
0 Comments