NEWS UPDATE

6/recent/ticker-posts

കോട്ടയത്ത് കന്നുകാലി ഫാമിൻ്റെ മറവിൽ ഹാൻസ് നിർമ്മാണ യൂണിറ്റ് നടത്തിയവർ പിടിയിൽ

കോട്ടയം: കുറുവിലങ്ങാട്ട് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വില്‍പ്പന നടത്തിയിരുന്ന ചെറുകിട ഫാക്ടറി പോലീസ് കണ്ടെത്തി. കന്നുകാലി ഫാമിന്‍റെ മറവിലായിരുന്നു പുകയില ഉല്‍പന്നങ്ങളുടെ നിര്‍മാണം. ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളും ഇവിടെ നിന്ന് കണ്ടെത്തി.[www.malabarflash.com]

ചാക്കു കണക്കിന് പുകയില ഉല്‍പന്നങ്ങള്‍. എത്തിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ പായ്ക്ക് ചെയ്യാനായി തയാറാക്കിയ കവറുകള്‍. ഒപ്പം പായ്ക്കിങ്ങിനായി പ്രത്യേക യന്ത്രവും. ചെറുകിട വ്യവസായ സംരംഭം പോലെയാണ് പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

കുറുവിലങ്ങാട് ടൗണില്‍ നിന്ന് കഷ്ടിച്ച് രണ്ടു കിലോ മീറ്റര്‍ മാത്രം ദൂരമേയുളളു കാളിയാര്‍ കാവ് എന്ന സ്ഥലത്തേക്ക്. ഇവിടെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിനു നടുവിലായിട്ടായിരുന്നു കഴിഞ്ഞ ആറു മാസത്തിലേറെയായി ലഹരി നിര്‍മാണ യൂണിറ്റിന്‍റെ പ്രവര്‍ത്തനം.

കന്നുകാലി ഫാമിന്‍റെ മറവിലായിരുന്നു ലഹരി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് ആടുകളും ഒരു പശുവും ഒരു പശുക്കിടാവും ഇവിടെ ഉണ്ടായിരുന്നു. ഫാം നടത്താനെന്ന പേരിലാണ് രണ്ടു പേര്‍ ചേര്‍ന്ന് സ്ഥലം വാടകയ്ക്ക് എടുത്തതെന്ന് സ്ഥലം ഉടമ പോലീസിനെ അറിയിച്ചു.

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഏറ്റുമാനൂര്‍ സ്വദേശി ജഗന്‍, ബിപിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ലഹരി നിര്‍മാണ യൂണിറ്റ് നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.  രാത്രി കാലങ്ങളിലായിരുന്നു പായ്ക്കിംഗ്. പിന്നീട് നാട്ടുകാര്‍ക്ക് സംശയമൊന്നും തോന്നാത്ത വിധം കാലിത്തീറ്റ ചാക്കുകളിലാണ് ലഹരി ഉല്‍പന്നങ്ങള്‍ പുറത്തേക്ക് കടത്തിയിരുന്നത്.

കോട്ടയം,എറണാകുളം,ആലപ്പുഴ ജില്ലകളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പോയിരുന്നത് ഇവിടെ നിന്നാണെന്നാണ് പോലീസ് നിഗമനം. കോട്ടയം എസ് പിയുടെ കീഴിലുളള ഡാന്‍സാഫ് സ്ക്വാഡും കുറുവിലങ്ങാട് പോലീസും ചേര്‍ന്നാണ് റെയ്ഡ് സംഘടിപ്പിച്ചത്.

Post a Comment

0 Comments