NEWS UPDATE

6/recent/ticker-posts

കുറ്റിക്കാട്ടൂര്‍ യതീംഖാനയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വഖ്ഫ് ബോര്‍ഡ് തിരിച്ചുപിടിച്ചു

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കോടികളുടെ വിലമതിക്കുന്ന വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിച്ചു. കുറ്റിക്കാട്ടൂര്‍ യത്തീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത ഇനി കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്കായിരിക്കും.[www.malabarflash.com]

മാസത്തില്‍ 35 ലക്ഷത്തിലധികം വരുമാനമുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, യതീംഖാന ഓഫീസ്, കാലിക്കറ്റ് സര്‍വകലാശാല അംഗീകൃത വിമന്‍സ് കോളജ്, ദാറുല്‍ ഹുദ അംഗീകൃത ജൂനിയര്‍ കോളജ്, ഓഫ്‌സെറ്റ് പ്രസ്, ക്ലിനിക്ക് തുടങ്ങിയവയുടെ ഉള്‍പ്പെടെ ഉടമസ്ഥതയാണ് കുറ്റിക്കാട്ടൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് തിരികെ ലഭിച്ചിരിക്കുന്നത്.

ഒന്നര പതിറ്റാണ്ടിലധികം നീണ്ട പോരാട്ടത്തിനൊടുവിലാണ് രണ്ട് ഏക്കര്‍ പത്ത് സെന്റ് ഭൂമിയുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥാവകാശം കമ്മിറ്റിക്ക് തിരികെ കിട്ടിയത്. ഭൂമിയുടെ എല്ലാ റവന്യൂ രേഖകളും കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പേരിലേക്ക് മാറുകയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും നികുതി അടക്കുകയും ചെയ്തു.

ഈ വര്‍ഷം ജനുവരി അഞ്ചിന് ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് യോഗമാണ് ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് റവന്യൂ രേഖകളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ കുറ്റിക്കാട്ടൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയിലേക്ക് ചേര്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുറ്റിക്കാട്ടൂര്‍ യതീംഖാന കമ്മിറ്റി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.

1987ലാണ് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്തിന് കീഴില്‍ മുസ്‌ലിം യത്തീംഖാന തുടങ്ങിയത്. വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 1999ല്‍ രഹസ്യമായുണ്ടാക്കിയ കമ്മിറ്റിക്ക് രണ്ട് ഏക്കര്‍ പത്ത് സെന്റ് ഭൂമിയും സ്ഥാപനങ്ങളും വില്‍പ്പന നടത്തിയെന്നായിരുന്നു പരാതി. ഭൂമിയുടെയും സ്ഥാപനങ്ങളുടെയും കൈമാറ്റം വഖ്ഫിന്റെ കൈമാറ്റമാണെന്നും വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഇത് നടത്തിയിരിക്കുന്നതെന്നുമായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

2015ല്‍ റഷീദലി ശിഹാബ് തങ്ങള്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ വില്‍പ്പന ശരിവെച്ച് ബോര്‍ഡ് വിധിയുണ്ടായി. ഭൂമിയും സ്ഥാപനങ്ങളും വാങ്ങിയവര്‍ക്ക് ബോര്‍ഡുമായുള്ള അടുത്ത ബന്ധമാണ് ബോര്‍ഡ് നിയമവിരുദ്ധ നടപടി ശരിവെക്കാന്‍ കാരണമായതെന്നായിരുന്നു കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആക്ഷേപം. ചില ബോര്‍ഡ് മെമ്പര്‍മാരെ സ്വാധീനിച്ചായിരുന്നു ഈ വിധിയെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ ബോര്‍ഡ് ശരിവെച്ച ഈ വില്‍പ്പന വഖ്ഫ് ട്രിബ്യൂണല്‍ പിന്നീട് റദ്ദാക്കി.

ഭൂമി കൈമാറ്റം നിയമവിരുദ്ധമാണെന്നും കുറ്റിക്കാട്ടൂര്‍ യത്തീംഖാന കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്തിന് കീഴിലാണെന്നും ട്രിബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കി. എന്നാല്‍ വിധി നടപ്പാക്കാതെ നീണ്ടു പോയി. തുടര്‍ന്നാണ് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്തിന്റെ പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ഭൂമി തിരിച്ച് പിടിച്ച് വിധി നടപ്പാക്കാന്‍ വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടത്.

Post a Comment

0 Comments