ഉദയ്പുർ: പ്രവാചകനിന്ദ നടത്തിയതിനെ തുടർന്ന് ബി.ജെ.പി സസ്പെൻഡ് ചെയ്ത നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്നാരോപിച്ച് തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പുരിൽ ചൊവ്വാഴ്ചയാണ് രണ്ടുപേർ ചേർന്ന് കനയ്യലാൽ എന്നയാളെ വെട്ടിക്കൊന്നത്. കൊലപാതക ദൃശ്യങ്ങൾ മൊബൈലിൽ പ്രചരിപ്പിച്ചു.[www.malabarflash.com]
പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവർ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റും സംസ്ഥാനമാകെ വിലക്കി. സംഘർഷാവസ്ഥയുള്ളതിനാൽ 600ലധികം പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്നും രാജസ്ഥാനിൽ അതിജാഗ്രത തുടരുകയാണെന്നും ക്രമസമാധാനവിഭാഗം എ.ഡി.ജി.പി ഹവ സിങ് ഗുമാരിയ പറഞ്ഞു. ഉദയ്പുരിലെ മാൾഡാസ് സ്ട്രീറ്റിലെ തന്റെ തയ്യൽക്കടയിൽ കനയ്യലാൽ തുണിയുടെ അളവെടുക്കുന്നതിനിടെയാണ് ആക്രമണം.
രണ്ടുപേർ കടയിലെത്തുന്നതും കനയ്യലാലിനെ കത്തികൊണ്ട് ആക്രമിക്കുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്. കഴുത്തിനായിരുന്നു ആക്രമണം. ആക്രമിക്കുന്നതിന്‍റെയും അതിനുശേഷമുള്ള പ്രതികളുടെ വെളിപ്പെടുത്തലുമായി രണ്ടു വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
0 Comments