NEWS UPDATE

6/recent/ticker-posts

സര്‍ക്കാര്‍ ഉത്തരവും രസീതും വ്യാജമായി നിര്‍മിച്ച് 2.40 ലക്ഷം തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊച്ചി: സര്‍ക്കാര്‍ ഉത്തരവും രസീതും വ്യാജമായി തയ്യാറാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പടമുകള്‍ സാറ്റ്ലൈറ്റ് ടൗണ്‍ഷിപ്പില്‍ മുഹമ്മദ് ഹാഷിം (29) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

ഭൂമി തരംമാറ്റിക്കൊണ്ടുള്ള ഉത്തരവ്, ഇത് അംഗീകരിച്ച് വില്ലേജ് ഓഫീസില്‍നിന്നുള്ള കരം അടച്ച രസീത് എന്നിവയാണ് വ്യാജമായി തയ്യാറാക്കി ഭൂവുടമയ്ക്ക് നല്‍കിയത്. രേഖകളില്‍ സംശയം തോന്നിയ കോലഞ്ചേരി സ്വദേശിയായ ഭൂവുടമയുടെ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ മുഹമ്മദ് ഹാഷിം പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പരാതിക്കാരന്റെ ഭാര്യാമാതാവിന്റെയും സഹോദരിമാരുടെയും ഉടമസ്ഥതയില്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജിലുള്ള ഭൂമിക്കു വേണ്ടിയാണ് വ്യാജ രേഖയുണ്ടാക്കിയത്. കങ്ങരപ്പടിയിലെ 90 സെന്റ് ഭൂമി റവന്യൂ രേഖകളില്‍ നിലമാണ്.

ഈ സ്ഥലം വില്‍ക്കാനുള്ള താത്പര്യം ഉടമകള്‍ ഹാഷിമിനെ അറിയിച്ചു. നിലമായതിനാല്‍ ആരും വാങ്ങില്ലെന്നും ഭൂമി തരംമാറ്റി തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ഹാഷിം ഇതിനായി 2.45 ലക്ഷം ചെലവാകുമെന്നും അറിയിച്ചു. തുടര്‍ന്ന് നിലം പുരയിടമാക്കി മാറ്റിക്കൊണ്ടുള്ള കണയന്നൂര്‍ തഹസില്‍ദാരുടെ ഉത്തരവ് വ്യാജമായി തയ്യാറാക്കി പ്രിന്റെടുത്തു. തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസറുടെ പേരില്‍ കരം അടച്ച രസീതും വ്യാജമായി തയ്യാറാക്കി പരാതിക്കാരന് നല്‍കി. പ്രതിഫലമായി 2.40 ലക്ഷം രൂപ പ്രതി കൈപ്പറ്റി.

രേഖകളില്‍ സംശയം തോന്നിയ ഭൂവുടമ കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ രേഖകള്‍ കാണിച്ചതോടെയാണ് തട്ടിപ്പ് മനസ്സിലായത്. വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ തഹസില്‍ദാരുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസും ഹാഷിമിനെതിരേ കേസെടുത്തിട്ടുണ്ട്.

റിമാന്‍ഡിലായതിനു പിന്നാലെ മുഹമ്മദ് ഹാഷിമിനെ ഭാരവാഹിത്വത്തില്‍നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു.

Post a Comment

0 Comments