NEWS UPDATE

6/recent/ticker-posts

മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാക: 3 പേർ അറസ്റ്റിൽ, വാഹനം കസ്റ്റഡിയിൽ

കൊച്ചി: ഇരുമ്പനത്തു ദേശീയപതാക മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. പതാകകൾ ഉൾപ്പെടെ വാഹനത്തിൽ ഇവിടെ തള്ളിയ തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്കർ എന്നിവരാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസിന്റെ പിടിയിലായത്. ഇവരുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.[www.malabarflash.com]


സംഭവം പുറത്തു വന്നതോടെ സ്ഥലത്തുനിന്നു മുങ്ങിയ ഇവരെ തൃപ്പൂണിത്തുറയിൽ വച്ചാണു പിടികൂടിയത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്നു പോലീസ് പറഞ്ഞു. കൃത്യമായ പരിശോധന ഇല്ലാതെ പതാക മാലിന്യത്തോടൊപ്പം കൊടുത്തയച്ചവരാണ് ഇനി പിടിയിലാകാനുള്ളത്. ഉപയോഗിക്കാനാവാത്ത സാഹചര്യത്തിൽ, ഏറെ ആദരവോടെ സംസ്കരിക്കേണ്ട ദേശീയ പതാകകൾ കോസ്റ്റ്ഗാർഡിന്റെ പതാകകൾക്കും യൂണിഫോമുകൾക്കും ഒപ്പം ഇരുമ്പനം കടത്തുകടവു റോഡിലാണ് കണ്ടെത്തിയത്.

ശ്മശാനത്തിനു സമീപമുള്ള ചതുപ്പിൽ ടിപ്പറിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നു നാട്ടുകാർ പറഞ്ഞു. ശ്രദ്ധയിൽപെട്ട പ്രദേശവാസികളാണ് പോലീസിൽ അറിയിച്ചത്. മാധ്യമങ്ങൾ ഇതു വാർത്തയാക്കിയതോടെ ഇന്ത്യൻ നേവിയും കോസ്റ്റുഗാർഡും പോലീസും അന്വേഷണം ആരംഭിച്ചിരുന്നു.

പതാക മാലിന്യത്തിൽ കിടക്കുമ്പോൾ ആദരവോടെ സല്യൂട്ട് നൽകി മടക്കിവച്ച ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ടി.കെ.അമലിന് പോലീസിന്റെ ഗുഡ് എൻട്രി സർട്ടിഫിക്കറ്റ് നൽകി. പതാകയ്ക്കു സല്യൂട്ട് നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.

Post a Comment

0 Comments