NEWS UPDATE

6/recent/ticker-posts

30 വർഷം, ഒറ്റ ട്രാഫിക് ലംഘനമില്ല; ദുബൈ പോലീസിലെ ‘മാതൃകാ ഡ്രൈവർ’ക്ക് ആദരം

ദുബൈ: മൂന്നു പതിറ്റാണ്ടിലേറെയായി വാഹനമോടിക്കുന്ന ദുബൈ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ വളയം സുരക്ഷിതം. 1991-ൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന് ശേഷം നിരത്തിലിറങ്ങിയ ദുബൈ പോലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഓർഗനൈസേഷൻ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമർജൻസി വിഭാഗത്തിലെ ഉദ്യോഗസ്ഥൻ കോർപറൽ സാലെം മിസാദ് അൽ തിബാനിയാണ് ഇതുവരെയും ഒരു ട്രാഫിക് നിയമലംഘനം പോലും നടത്താതെ വാഹനമോടിച്ചത്.[www.malabarflash.com]

അദ്ദേഹത്തെ ദുബൈ പോലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ‘ഐഡിയൽ ഡ്രൈവർ’ ബഹുമതി നൽകി ആദരിച്ചു.

ദുബൈ പോലീസ് കമാൻഡർ ഇൻ ചീഫ് എക്‌സലൻസ് അവാർഡ് 2022 ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. 1985-ലാണ് സാലെം മിസാദ ദുബൈ പോലീസിൽ ചേർന്നത്. കഴിഞ്ഞ 31 വർഷമായി ഉയർന്ന ഉത്തരവാദിത്തവും പ്രഫഷണലിസവും പ്രകടമാക്കുന്ന ഉദ്യോഗസ്ഥനായ സാലെം മിസാദിന് ക്ലീൻ ഡ്രൈവിങ് റെക്കോർഡ് ഉണ്ടെന്ന് ദുബൈ പോലീസ് അറിയിച്ചു.

1991 ജനുവരി ഒൻപതിന് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതു മുതൽ താൻ എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് സാലെം പറഞ്ഞു. ഈ പ്രതിബദ്ധത എന്റെ കുടുംബം ഉൾപ്പെടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിച്ചു. വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. വേഗപരിധി പ്രധാന കാരണമാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ ശ്രദ്ധ പുലർത്തണമെന്നും ഓഫീസർ വാഹനമോടിക്കുന്നവരോടും അഭ്യർഥിച്ചു.

Post a Comment

0 Comments