കൊച്ചി: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 31 പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. കുട്ടിയുടെ പിതാവ് അസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്.[www.malabarflash.com]
സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെഎച്ച് നാസര്‍ ഉള്‍പ്പെടെ 31 പേരാണ് കേസിലെ പ്രതികള്‍. റാലിക്ക് നേതൃത്വം നല്‍കിയത് നാസര്‍ ആയിരുന്നു.
കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. എന്നാല്‍ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞിരുന്നു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്.
''അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ടെന്നായിരുന്നു'' പത്ത് വയസ്സുള്ള കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതസ്ഥര്‍ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉപയോഗിക്കുന്നത്. ആലപ്പുഴ നഗരത്തില്‍ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങള്‍.
0 Comments