NEWS UPDATE

6/recent/ticker-posts

വിചാരണയ്ക്കിടെ തൊണ്ടി രേഖയിലെ ഫോട്ടോ കാണാതായി;45 മിനുട്ട് ആരെയും പുറത്ത് വിട്ടില്ല,കോടതിയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരം നടക്കുന്നതിനിടെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നാടകീയ രംഗങ്ങൾ. തൊണ്ടി രേഖകളിൽ ഒന്നായ ഫോട്ടോ കാണാതായതോടെ കോടതി വിചാരണ നിർത്തി വച്ചു. തൊണ്ടി മുതൽ അന്വേഷിച്ച് കണ്ടെത്തുന്നതുവരെ കോടതിയിൽ നിന്നും ആരെയും പുറത്തേക്കും വിട്ടില്ല.[www.malabarflash.com]


കോവളത്ത് എത്തിയ വിദേശ വനിതയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച് രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് പോലീസിന്‍റെ കേസ്. മൃതദേഹം കോവലത്തിനടത്തുള്ള പൊന്തക്കാട്ടില്‍ നിന്ന് കണ്ടെത്തി ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ പോലീസ് ഫോട്ടോഗ്രാഫര്‍ 21 ചിത്രങ്ങളാണ് പകര്‍ത്തിയത്. കുറ്റപത്രത്തിനൊപ്പം പകര്‍ത്തിയ ഈ രേഖകള്‍ വ്യാഴാഴ്ച പോലീസ് ഫോട്ടോഗ്രാഫറുടെ വിചാരണ സമയത് കോടതി ഓരോന്നും രേഖകളായി അടയാളപ്പെടുത്തി ഫയലിലേക്ക് മാറ്റിയിരുന്നു. 

തിരുവല്ലം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ശിവകുമാറിന്‍റെ വിസ്താരം ആയിരുന്നു. പ്രതിഭാഗത്തിന്‍റെ വിസ്താരത്തിനിടെ ഫോട്ടോകള്‍ പുറത്തെടുത്തപ്പോള്‍ ഒരു ഫോട്ടോ കുറവാണെന്ന് കണ്ടെത്തി.

വിചാരണ നിര്‍ത്തി വെച്ച കോടതി ഫോട്ടോ അന്വേഷിച്ച് എത്രയും വേഗം കണ്ടെത്താല്‍ കോടതി ജീവനക്കാരോട് നിര്‍ദ്ദേശിച്ചു. ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ കോടതി മുറിക്ക് പുറത്തുപോകാമെന്നും കോടതി നിർദേശം നല്‍കി. അങ്ങനെ അഭിഭാഷകരും പോലീസുകാരും കോടതി മുറിയില്‍ തുടര്‍ന്നു. 45 മിനിറ്റ് വിസ്താരം തടസപ്പെട്ടു. പിന്നീട് മറ്റൊരു കേസിന്‍റെ ഫയലിൽ നിന്ന് ഈ ഫോട്ടോ ലഭിച്ച ശേഷമാണ് വിചാരണ നടപടികള്‍ തുടര്‍ന്നത്.

2018 മാർച്ച് 14 ന് കോവളത്ത് നിന്ന് ലാത്വിയൻ സ്വദേശിനിയായ യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.

Post a Comment

0 Comments