ന്യൂഡല്‍ഹി: കേരളത്തില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചു. സംഘം സംസ്ഥാന ആരോഗ്യ വകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.[www.malabarflash.com]
ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളി(എന്‍.സി.ഡി.സി)ലെ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണി, ഡോ.ആര്‍.എം.എല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, ആരോഗ്യ കുടുംബക്ഷേമ കോഴിക്കോട് മേഖലാ അഡൈ്വസര്‍ ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.
സംഘം സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേര്‍ന്ന് രോഗ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനെ അറിയിക്കും. ഒപ്പം ആരോഗ്യ മന്ത്രാലയത്തിലെ ദുരന്തനിവാരണ സെല്‍ കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റിനെ ധരിപ്പിക്കുകയും ചെയ്യും.
ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ച ആളിന്റെ മാതാപിതാക്കളും ഓട്ടോ-ടാക്സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 12-ാം തിയതി യുഎഇയില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ വന്നത്. കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ടതില്ലെന്നും വളരെ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് മാത്രമാണ് രോഗം പടരാന്‍ സാധ്യതയുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
0 Comments