NEWS UPDATE

6/recent/ticker-posts

ഹജ്ജിന് ശേഷമുള്ള ആദ്യ ജുമുഅയിലും നിറഞ്ഞുകവിഞ്ഞ് ഹറമുകൾ

മക്ക: ഹജ്ജിനു ശേഷമുള്ള ആദ്യ ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മക്ക മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരെ ഹറമിൽ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും നാട്ടിൽ നിന്നെത്തിയ ഹജ്ജ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടന വളന്റിയർമാരും ചേർന്ന് വലിയ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.[www.malabarflash.com]


ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ 50,000ഓളം തീർഥാടകരെയാണ് ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാനായി മക്കയിലെ താമസകേന്ദ്രമായ അസീസിയയിൽനിന്നും ബസ് മാർഗം മസ്ജിദുൽ ഹറാമിൽ എത്തിച്ചത്. 250ഓളം ബസുകൾ ഇതിനായി തയാറാക്കിയിരുന്നു. പുലർച്ചെ മുതലേ ഹാജിമാർ ഹറമുകളിലേക്ക് എത്തിത്തുടങ്ങി. 11ഓടെ മുഴുവൻ തീർഥാടകരും ഹറമുകളിലെത്തി. ജുമുഅ കഴിഞ്ഞ് കൂട്ടമായി പുറത്തിറങ്ങിയതോടെ വലിയ തിരക്കാണ് ഹറം മുറ്റത്ത് അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിച്ചു.

ശക്തമായ ചൂടിൽ പല ഹാജിമാർക്കും നിർജലീകരണവും മറ്റും അനുഭവപ്പെട്ടു. ഇവരെ ശുശ്രൂഷിക്കാൻ ആവശ്യമായ മെഡിക്കൽ സംഘങ്ങൾ വഴിയിൽ തമ്പടിച്ചിരുന്നു. ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ വൈ. സാബിർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വൈകീട്ട് നാലോടെ മുഴുവൻ തീർഥാടകരെയും താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിക്കാനായി. ഹാജിമാരെ സഹായിക്കാനായി വളന്റിയർമാരും സജീവമായി.

Post a Comment

0 Comments