NEWS UPDATE

6/recent/ticker-posts

എസ്.എഫ്.ഐക്കാര്‍ കസേരയില്‍വച്ച വാഴ എടുത്തുമാറ്റി, അതേ കസേരയിലിരുന്ന് രാഹുല്‍

വയനാട്: വയനാട്ടിലെ തന്റെ എംപി ഓഫീസ് ആക്രമിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായിവച്ച വാഴ എടുത്തുമാറ്റി അതേ സീറ്റില്‍ ഇരുന്ന് രാഹുല്‍ ഗാന്ധി. കസേരയിലെ ഫോട്ടോയും വാഴയും എടുത്തുമാറ്റി അതേ സീറ്റില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധി നേതാക്കളോട് സംസാരിച്ചത്. രാഹുല്‍ സന്ദര്‍ശനത്തിന് എത്തുന്നതിനാല്‍ ആക്രമണത്തിന് ശേഷം ഓഫീസ് കോണ്‍ഗ്രസ് അതുപോലെ തന്നെ നിലനിര്‍ത്തിയിരുന്നു.[www.malabarflash.com]


പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ഓഫീസില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ ഇവര്‍ രാഹുലിന് വിശദീകരിച്ചു നല്‍കി.

'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുന്‍പ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്‌നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികള്‍ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.', - ആക്രമണം നടന്ന ഓഫീസ് സന്ദര്‍ശിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് ട്വീറ്റ് ചെയ്തു.

അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നുവെന്നും ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു.

Post a Comment

0 Comments