മക്ക: ഹജ്ജിന്റെ മൂന്നാം ദിനമായ ദുൽഹിജ്ജ പത്തിന് ജംറയിലെ കല്ലേറ് കർമ്മം പൂർത്തിയാക്കി ഹാജിമാർ ത്വവാഫുൽ ഇഫാദ നിർവ്വഹിക്കാനായി മക്കയിലെ ഹറം ശരീഫിലെത്തിയതോടെ ഹറമും പരിസരവും ജനസാഗരമായി മാറി. മിനായിൽ നിന്നും കാൽ നടയായും ബസ്സുകളിൽ കയറിയുമാണ് ഹാജിമാർ ഹറമിലെത്തിയത്.[www.malabarflash.com]
മക്കയിലേക്കുള്ള വഴിയിൽ രാവിലെ മുതൽ തന്നെ നല്ല തിരക്കായിരുന്നു. ഹറമിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇരുഹറം കാര്യ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയം, ഹജ്ജ് സുരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ ഓരോ ഹജ്ജ് ഗ്രൂപ്പുകളെയും വ്യത്യസ്ഥ വാതിലുകളിലൂടെയാണ് കഅബാലയത്തിലേക്ക് പ്രവേശിപ്പിച്ചത്.
കനത്ത ചൂടിൽ നിന്നും രക്ഷതേടി മനോഹരമായ വർണ്ണ കുടകൾ ചൂടിയുള്ള ഹാജിമാരുടെ ത്വവാഫ് കർമ്മം നയനമനോഹരമായ കാഴ്ചയായി. വര്‍ണ്ണക്കുടകളാല്‍ കഅ്ബയുടെ ചുറ്റും ഹാജിമാർ സഞ്ചരിക്കുന്ന ചിത്രങ്ങളാണ് ഹജ്ജ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. മസ്ജിദുൽ ഹറമിൻെറ അങ്കണം നിറഞ്ഞതോടെ ഹറമിന്റെ മുകൾ നിലയിലേക്കും ഹാജിമാരെ കടത്തിവിട്ടിരുന്നു.
ഇഫാദത്തിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ വീണ്ടും മിനായിലേക്ക് യാത്ര തിരിച്ചു.
0 Comments