ബെംഗ്ലൂരു: ബെംഗ്ലൂരുവില്‍ കാസറകോട്ടെ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബെംഗ്ലൂരു സ്വദേശികളാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യാനായാണ് ആറ് ദിവസം മുമ്പ് മലയാളി യുവാവിനെ പ്രതികള്‍ കുത്തിക്കൊന്നത്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ നേരെത്തെ പുറത്തു വന്നിരുന്നു.
കാസര്‍കോട് രാജപുരം സ്വദേശി സനു തോംസണ്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. സൗത്ത് ബെംഗ്ലൂരുവിലെ രാത്രി പത്തേമുക്കാലോടെയായിരുന്നു കൊലപാതകം. ബെംഗ്ലൂരുവിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ തോംസണ്‍ രാത്രി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം പണവും മൊബൈലും കവര്‍ന്നു, തടയാന്‍ ശ്രമിച്ച തോംസണെ കുത്തിയ ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.
കുത്തേറ്റ തോംസണ്‍ തിരികെ ഓഫീസ് പരിസരത്തേക്ക് നടന്നുപോകാന്‍ ശ്രമിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. ബെംഗ്ലൂരു സ്വദേശികളായ പുട്ടരാജു, ശ്രീനിവാസ് , ഗോപി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കര്‍ണാടകയില്‍ നിരവധി മോഷണ കേസുകളുണ്ട്. ക്വട്ടേഷന്‍ സംഘമായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ആളുമാറിയുള്ള കൊലപാതകമാണോ എന്നാണ് തോംസണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്.
0 Comments