ഇനി തുടങ്ങുന്ന എല്ലാ പരിശീലന ക്ലാസുകളും പരിഷ്ക്കരിച്ച സിലബസിനെ അടിസ്ഥാനമാക്കി നടപ്പിലാക്കുമ്പോൾ കോഴ്സുകളുടെ ദൈഘ്യവും അതിനായുള്ള ഫീസിലും ഗണ്യമായ വർധനവുണ്ടാകും. ഇപ്പോൾ നാല് ദിവസം കൊണ്ട് തീരുന്ന ലാസ്‌കർ കോഴ്സിന്റെ തുടർന്നുള്ള ബാച്ചിൽ രണ്ടുമാസം കൊണ്ട് തീരുന്ന സിലബസനുസരിച്ചായിരിക്കും പരിശീലനം നൽകുക.
പുതിയ ഐ. വി. റൂൾസുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപവത്കരിച്ച് ആ സിലബസിനെ അടിസ്ഥാനമാക്കി ക്ലാസുകളുടെ രൂപ ഘടന അടക്കം ചർച്ചചെയ്തു തീരുമാനം കൈകൊള്ളുമെന്നു അഴിക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് നായർ പറഞ്ഞു. അതിനായുള്ള നടപടിക്രമങ്ങൾ കേരള മാരിടൈം ബോർഡ് കൈകൊണ്ടു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉൾനാടൻ സമുദ്രയാനങ്ങളിൽ ജോലി നേടാൻ മാരിടൈം അക്കാദമി നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റുകൾ അനിവാര്യമാണ്. ലാസ്‌കർ, സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കന്റ് ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ, സെക്കന്റ് ഡ്രൈവർ തുടങ്ങിയ കോഴ്സുകളാണ് മാരിടൈം ബോർഡിന്റെ കീഴിലുള്ള സംസ്ഥാനത്തെ സ്ഥാപനങ്ങളിൽ നടത്തിവരുന്നത്.
കാസർകോട് ജില്ലയിൽ ഉദുമ പാലക്കുന്നിൽ ബേക്കൽ ക്യാമ്പസിൽ ആദ്യമായി ആരംഭിച്ച ലാസ്‌കർ കോഴ്സിൽ പഠനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റുകൾ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് നായർ വിതരണം ചെയ്തു.കാസർകോട് പോർട്ട് കൺസർവെറ്റർ കെ. മുഹമ്മദ് റാഫി അധ്യക്ഷനായി.വാർഫ് സൂപ്പർവൈസർ എ. പ്രദീപ്, അഴിക്കൽ പോർട്ട് ഉദ്യോഗസ്ഥൻ എം. റിജു, ക്ലാസ് നടത്തിയ മർച്ചന്റ് നേവി ചീഫ് എഞ്ചിനീയർ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
ബേക്കൽ ക്യാമ്പസ്സിലെ തുടർ ക്ലാസുകൾ വൈകാതെ തുടങ്ങും.
വിവരങ്ങൾക്ക് കാസർകോട് പോർട്ട് ഓഫീസുമായി ബന്ധപ്പെടാം.
വിവരങ്ങൾക്ക് കാസർകോട് പോർട്ട് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ :0499230122.
0 Comments