NEWS UPDATE

6/recent/ticker-posts

പി രാഘവന്‍; കാസര്‍കോട് ജില്ലയില്‍ സഹകരണ-തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട നേതാവ്

കാസർകോട് ജില്ലയിൽ സിപിഐ(എം), സിഐടിയു സംഘടന കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് പാർട്ടി ജില്ലാ സെക്രട്ടറിയറ്റംഗം കൂടിയായ പി രാഘവൻ. സഹകരണ രംഗത്തും സംസ്ഥാന തലത്തിൽ തന്നെ മുൻനിര സംഘാടകനായിരുന്നു അദ്ദേഹം. തികഞ്ഞ നിയമസഭാ സാമാജികനുമായിരുന്നു രാഘവന്‍.[www.malabarflash.com]


1945 ഒക്ടോബർ 15ന് ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ മൂന്നാടാണ് അദ്ദേഹത്തിന്‍റെ ജനനം. ചേവിരി രാമൻ നായരുടെയും പേറയിൽ മാണിയമ്മയുടെയും ഇളയ മകനാണ്. പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ, കോമൻ നായർ, കുഞ്ഞിരാമൻ നായർ എന്നിവര്‍ സഹോദരന്മാരാണ്. തമ്പായി, ജാനകി എന്നിവരാണ് സഹോദരിമാര്‍.

മുന്നാട് എയുപി സ്കൂൾ, ഇരിയണ്ണി ഹൈസ്കൂൾ, കാസർകോട് ഗവർമെന്‍റ് കോളേജ് , ഉഡുപ്പി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭ്യസം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദധാരിയാണ്. മുന്നാട് എയുപി സ്കൂളിൽ വിദ്യാർഥിയായിരിക്കെ വിദ്യാർഥി രാഷട്രീയത്തിൽ സജീവമായി. 

കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. സംഘടനാ രംഗത്തും പഠനത്തിലും ഒരുപോലെ മികവ് പ്രകടിപ്പിച്ചു. ചെറുപ്പത്തില്‍ തന്നെ നന്നായി പ്രസംഗിക്കുമായിരുന്നു. സ്കൂളിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ഡിഇഒ ഓഫീസിലേക്ക് ഇരിയണ്ണിയിൽ നിന്ന് വിദ്യാർഥി മാർച്ച് സംഘടിപ്പിച്ചു. സമരം വിജയമായിരുന്നു. ഈ സമയത്ത് കെഎസ്എഫ് താലൂക്ക് ഭാരവാഹികൾ പിന്നീട് ജഡ്ജിയായ യുഎൽ ഭട്ടും എംപിയായിരുന്ന എം രാമണ്ണ റൈയുമായിരുന്നു. കാസർകോട് കോളേജിൽ വിദ്യാർഥിയായിരിക്കെ കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയും പിന്നീട് കോളേജ് വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു.

ഉഡുപ്പി ലോ കോളേജിൽ സ്റ്റുഡന്‍റ് ഫെഡറേഷൻ യൂണിറ്റിന്‍റെയും സെക്രട്ടറിയായിരുന്നു. കെഎസ്എഫ് അവിഭക്ത കണ്ണൂർ ജില്ലാ കമ്മറ്റി പ്രസിഡന്‍റായും സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വൈക്കം വിശ്വനും പിണറായി വിജയനുമായിരുന്നു അന്ന് സംസ്ഥാന ഭാരവാഹികൾ. 

കോളേജിൽ വിദ്യാർഥിയായിരിക്കെ സിപിഐഎമ്മിലും സജീവമായി. 1964 ൽ പാർട്ടി മെമ്പറായി. തുടര്‍ന്ന് കാസർകോട്ടെയും ബേഡകത്തെയും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. 1974 ൽ കാസർകോട് ബാറിൽ അഭിഭാഷകനായി ഔദ്ധ്യോഗിക ജീവിതത്തിനും തുടക്കമിട്ടു. അഭിഭാഷകവൃത്തിയും പാർട്ടി പ്രവർത്തനവും ഒരു പോലെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കുടിയാന്മാരുടെയും കർഷകരുടെയും നിരവധി പട്ടയകേസുകൾ വാദിച്ച് വിജയം നേടി. ഒപ്പം പാർട്ടി പ്രവർത്തകരുടെയും മറ്റുള്ളവരുടെയും കേസുകളും അദ്ദേഹം വാദിച്ചിരുന്നു.

വിദ്യാർത്ഥി രംഗം വിട്ടപ്പോൾ കെഎസ്‌വൈഎഫിൽ സജീവമായി. കെഎസ്‌വൈഎഫ് കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ, തൊഴിലില്ലായ്മാ വേതനം' എന്ന മുദ്രാവാക്യമുയർത്തി കെഎസ്‌വൈഎഫ് സംഘടിപ്പിച്ച പാർലമെന്‍റ് മാർച്ചിൽ വളണ്ടിയറായിരുന്നു. അന്ന് അറസ്റ്റിലായി ഒരു മാസത്തോളം ഡൽഹിയിലെ തീഹാർ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചു. 

1969 ഡിസംബറിൽ തലപ്പള്ളം കേസിൽ അറസ്റ്റിലായി. തുടര്‍ന്ന് പോലീസിന്‍റെ മൃഗീയമായ മർദ്ദനത്തിന് വിധേയനായി. രണ്ടാഴ്ചയോളം കാസർകോട് സബ് ജയിലിൽ തടവുകാരനായി. പാർട്ടി ബന്തടുക്ക, തലപ്പള്ളത്ത് സംഘടിപ്പിച്ച വളണ്ടിയർ ക്യാമ്പ് നക്സലൈറ്റ് ക്യാമ്പെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചത് പ്രദേശത്തെ ജന്മിയുടെ പരാതിയിലായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റും ഭീകരമർദ്ദനവും. വർഷങ്ങളുടെ വിചാരണക്ക് ശേഷം കോടതി കേസ് തള്ളി.

കാസർകോട് കോളേജിൽ വിദ്യാർഥിയായിരിക്കെ മെഹ്ബൂബ് ബസ് തൊഴിലാളികളുടെ പണിമുടക്ക് സമരത്തിന് നേതൃത്വം നൽകി. ബസ് കണ്ടക്ടറായിരുന്ന വരദരാജ പൈയെ മാനേജ്മെന്‍റിന്‍റെ ഒത്താശയിൽ ബസ് കയറ്റി കൊലപ്പെടുത്തി. വരദരാജ പൈയുമായി രാഘവന് അടുത്ത ആത്മബന്ധമുണ്ടായിരിന്നു. രാഘവൻ ജനറൽ സെക്രട്ടറിയായിരിക്കെ നിർമ്മിച്ച സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് വരദരാജ പൈ സ്മരകമാക്കി. രാഘവന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ജില്ലാ മോട്ടോർ തൊഴിലാളി സഹകരണ സംഘത്തിന്‍റെ ബസുകൾക്ക് വരദരാജ പൈ എന്ന പേരും നൽകി. വരദരാജ പൈയെ കുറിച്ച് 'കാലം സാക്ഷി' എന്ന പേരിൽ ഒരു ഡോക്യുമെന്‍ററിയും രാഘവൻ മുൻകൈ എടുത്ത് നിർമ്മിച്ചു. സുഹൃത്തിന്‍റെ കൊലയ്ക്ക് ശേഷം മെഹ്ബൂബ് മാനേജ്മെന്‍റിന്‍റെ ബസ്സുകളിൽ രാഘവൻ യാത്ര ചെയ്തിട്ടില്ല.

കാസർകോട് കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം നടത്തുമ്പോഴാണ് തൊഴിലാളി സംഘടനാ രംഗത്ത് സജീവമായത്. കാസർകോട്ടെ മോട്ടോർ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ ശക്തമാക്കി. യൂണിയൻ ജില്ലാ പ്രസിഡന്‍റും ബസ് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റും ഫെഡറേഷന്‍റെ ദേശിയ പ്രവർത്തക സമിതി അംഗവുമായി. ചുമട്ട് തൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ, കശുവണ്ടി തൊഴിലിളികൾ, പീടിക തൊഴിലാളികൾ, അടക്കാ സൊസൈറ്റി തൊഴിലാളികൾ, കെൽ ഫാക്ടറി തൊഴിലാളികൾ എന്നിങ്ങനെ ജില്ലയിലെ അടിസ്ഥാന തൊഴിലാളികളെ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മാത്രമല്ല, അദ്ദേഹം ഈ തൊഴിലാളി യൂണിയനുകളില്‍ നേതൃത്വം വഹിച്ചിരുന്നു. നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്യം നൽകി, അവയെ വിജയത്തിലെത്തിക്കാന്‍ രാഘവന് കഴിഞ്ഞിരുന്നു. തൊഴിലാളികളുടെ സുഹൃത്തായ നേതാവായി അദ്ദേഹം വളരെ വേഗം ഉയര്‍ന്നു.

1984 ൽ കാസര്‍കോട് ജില്ല നിലവിൽ വന്നപ്പോൾ സിഐടിയു ജില്ലാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായിരുന്ന എ കെ നാരായണൻ സിപിഐഎം ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് രാഘവന്‍ ജില്ലാ സെക്രട്ടറിയായി. 1989 മുതൽ 2012 വരെ ആസ്ഥാനത്ത് തുടർന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ദേശീയ പ്രവർത്തക സമിതി അംഗം എന്നീനിലകളില്‍ പ്രവർത്തിച്ചു. 

ജില്ലയിലെ അനിഷേധ്യനായ സമുന്നത തൊഴിലാളി നേതാവായി പടിപടിയായുള്ള വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്‍റെത്. രാഘവന്‍ സിപിഐ(എം) കാസർകോട് ഏരിയാ സെക്രട്ടറിയായിരിക്കെയാണ് 1984 ൽ പാർട്ടി ജില്ലാ കമ്മറ്റി നിലവിൽ വരുന്നത്. ആദ്യം ജില്ലാ കമ്മറ്റിയിലേക്കും തുടർന്ന് ജില്ലാ സെക്രട്ടറിയറ്റിലേക്കും രാഘവൻ ഒരേ സമയം തെരഞ്ഞെടുക്കപ്പെട്ടു. മരണം വരെ അദ്ദേഹം ആ സ്ഥലത്ത് തുടര്‍ന്നു.

1991 ജൂണിൽ ഉദുമയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 916 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അന്നത്തെ സിറ്റിങ്ങ് എംഎൽഎയായിരുന്ന കോൺഗ്രസിലെ കെ പി കുഞ്ഞിക്കണ്ണനെയാണ് രാഘവന്‍ തോല്‍പ്പിച്ചത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്ത് നടന്ന തെരഞ്ഞെടുപ്പിലെ വിജയം രാഘവന്‍റെ ജനകീയ അടിത്തറയുടെ സാക്ഷ്യമായി. 

1996 ൽ രണ്ടാമതും ഉദുമയിൽ നിന്ന് പതിനായിരത്തിലേറെ വോട്ടുകൾക്ക് അദ്ദേഹം വീണ്ടും വിജയിച്ചു. കെ പി കുഞ്ഞിക്കണ്ണൻ തന്നെയായിരുന്നു അപ്പോഴും എതിരാളി. പിന്നീട് ഇതുവരെ ഉദുമ മണ്ഡലം എൽഡിഎഫിന് നഷ്ടമായിട്ടില്ല. രാഘവൻ മണ്ഡലത്തിൽ തുടങ്ങി വെച്ച വികസന മുന്നേറ്റം എൽഡിഎഫിന്‍റെ ജനകീയ അടിത്തറ വിപുലമാക്കാൻ സഹായകമായി. രണ്ടാം ടേമിൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലായി.

അടൂർ പാലം, എരിഞ്ഞിപ്പുഴ പാലം, പയസ്വിനി, ചന്ദ്രഗിരി പാലങ്ങളും തുടങ്ങി മണ്ഡലത്തിന്‍റെ ഇതര മേഖലകളിലും ഗതാഗത കുതിപ്പിന് തുടക്കമിട്ടു. മൈലാട്ടി കെവി സബ് സ്റ്റേഷൻ, ഡീസൽ വൈദ്യുതി നിലയം, കുറ്റിക്കോൽ സെക്ഷൻ ഓഫീസ് എന്നിവ യാഥാര്‍ത്ഥ്യമായി. ഒരു കിലോമീറ്റർ പോലും പൊതുമരാമത്ത് റോഡ് ഇല്ലാതിരുന്ന ദേലമ്പാടി ഗ്രാമപഞ്ചായത്തിൽ നിരവധി റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. 

നിയമസഭയിലും ഏവരുടെയും ആദരവ് നേടിയ പ്രവർത്തനം അദ്ദേഹം കാഴ്ചവെച്ചു. സെലക്ട് കമ്മറ്റികൾ, പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി എന്നിവയിലും അംഗമായിരുന്നു. ചെയർമാൻ പാനലിലും രാഘവന്‍ അംഗമായിരുന്നു. നിയമസഭയിലെ അദ്ദേഹത്തിന്‍റെ കന്നി പ്രസംഗം തന്നെ ശ്രദ്ധ നേടി. മാധ്യമങ്ങളിലും പി രാഘവന്‍റെ അക്കാലത്തെ പ്രസംഗങ്ങൾ ശ്രദ്ധേയമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിഷയം നന്നായി പഠിച്ചു വന്ന് അവതരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗ ശൈലി. പൊതു പ്രവർത്തനത്തിലെ സൗമ്യത നിയമസഭയിലും പ്രതിഫലിപ്പിച്ചു. 

എതിരാളികൾക്ക് പോലും രാഘവൻ പ്രിയപ്പെട്ടവനായി. ബീഡി - സിഗാർ തൊഴിലാളി ക്ഷേമനിധി സ്വകാര്യ ബിൽ രാഘവനാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ഈ ബിൽ ഔദ്യോഗിക ബില്ലായി സർക്കാർ തന്നെ കൊണ്ടുവന്ന് പിന്നീട് പാസാക്കി. 

മണ്ഡലത്തിലെ വികസന - ജനകീയ പ്രശ്നങ്ങൾ ഉപക്ഷേപവും ശ്രദ്ധ ക്ഷണിക്കലുമായി സഭയിൽ ഉന്നയിച്ച് അദ്ദേഹം പരിഹാരം തേടി. ബേക്കൽ വികസന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് മുന്നില്‍ നിന്ന് പ്രവർത്തിച്ചു. ജനങ്ങളുമായി ചർച്ചകൾ നടത്തിയാണ് സ്ഥലം ഏറ്റെടുക്കൽ പോലുള്ള കാര്യങ്ങള്‍ പൂർത്തിയാക്കിയത്.

സഹകരണ രംഗമാണ് രാഘവന്‍റെ പ്രധാന കയ്യൊപ്പ് പതിഞ്ഞ കർമ്മ മണ്ഡലം. സംസ്ഥാന തലത്തിൽ തന്നെ മികച്ച സഹകാരിയായ രാഘവൻ മുൻകൈ എടുത്ത് രൂപം നൽകിയ സഹകരണ സംഘങ്ങൾ നിരവധിയാണ്. ബേഡകം ഫാർമേഴ്സ് ബാങ്കിൽ തുടക്കം കുറിച്ച് സഹകാരി പ്രവർത്തനം 1980 ൽ കാസർകോട് സർവീസ് സഹകരണ ബാങ്കിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കി. പിന്നങ്ങോട്ട് നിരവധി സഹകരണ സംഘങ്ങൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ജില്ലിയില്‍ ഉയര്‍ന്നുവന്നു. 

കുമ്പളയിലും ചെങ്കളയിലും ആശുപത്രികളുള്ള കാസർകോട് ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റിയുടെ രൂപീകരണത്തിലും തുടർന്ന് പ്രസിഡണ്ട് സ്ഥാനത്തും രാഘവൻ പ്രവർത്തിച്ചു. രാഘവൻ പ്രസിഡണ്ടായിരിക്കെയാണ് ചെങ്കളയിൽ നായനാർ ആശുപത്രിക്ക് തുടക്കം കുറിച്ചതും. അങ്ങനെ കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനോന്മുഖ രംഗത്ത് രാഘവന്‍റെ കൈയൊപ്പ് പതിയാത്ത മേഖല കുറവായിരുന്നെന്ന് തന്നെ പറയാം.

Post a Comment

0 Comments