NEWS UPDATE

6/recent/ticker-posts

ദുബൈയിലെ പൊതുസ്ഥലത്ത് അടിപിടി; വീഡിയോ വൈറലായതിന് പിന്നാലെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

ദുബൈ: ദുബൈയിലെ പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ ഏഴ് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തെരുവ് യുദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തത്. പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.[www.malabarflash.com]


പിടിയിലായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ ആഫ്രിക്കക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ലഹളകളില്‍ ഏര്‍പ്പെടരുതെന്നും അവ എമിറേറ്റിന്റെ പൊതുസുരക്ഷയെ ബാധിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അവയുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് പകരം ഇവ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. ഇത്തരം വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും യുഎഇ ഫെഡറല്‍ നിയമം അനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.

പ്രകോപനപരമായ വാര്‍ത്തകളോ, ജനങ്ങളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതോ ജനങ്ങളില്‍ ഭീതി ഉളവാക്കുന്നതോ ദേശീയ താത്പര്യത്തിനും ദേശീയ സമ്പദ്‍വ്യവസ്ഥയ്ക്കും എതിരായതോ ആയ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ വിധിക്കുമെന്നാണ് നിയമം. കഴിഞ്ഞയാഴ്ച റാസല്‍ഖൈമയിലെ ഒരു മാളിലും സമാനമായ തരത്തിലുള്ള അടിപിടിയുണ്ടായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Post a Comment

0 Comments