NEWS UPDATE

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അണ്ഡ വല്‍പ്പന; തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് പലതവണ അണ്ഡ വിൽപ്പന നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിലെ നാല് ആശുപത്രികൾ അടച്ചുപൂട്ടാൻ ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയും കാമുകനും നിർബന്ധിച്ച് അണ്ഡവിൽപ്പനക്ക് വിധേയയാക്കി എന്ന പരാതിയിലാണ് നടപടി. ഈ കുട്ടിയിൽ നിന്നും ശേഖരിച്ച അണ്ഡം വന്ധ്യതാചികിത്സയ്ക്ക് ഉപയോഗിച്ച കേരളത്തിലെ ആശുപത്രിയിലേക്കും അന്വേഷണം നീളും.[www.malabarflash.com]


തമിഴ്നാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നും നിർബന്ധിച്ച് അണ്ഡം ശേഖരിച്ചു എന്ന വിവരം പുറത്തറിയുന്നത് കഴിഞ്ഞ മാസമാണ്. 16 വയസുള്ള പെൺകുട്ടിക്ക് ആർത്തവം തുടങ്ങിയ 12-ആം വയസ്സുമുതൽ അമ്മയും കാമുകനും ചേർന്ന് അണ്ഡവിൽപ്പനയക്ക് വിധേയയാക്കി എന്നാണ് പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടാൻ ആരോഗ്യമന്തി മാ സുബ്രഹ്മണ്യം ഉത്തരവിട്ടത്.

കേരളത്തിലും കർണാടകത്തിലുമുള്ള ആശുപത്രികളിലേക്കും അന്വേഷണം നീളും. തിരുവനന്തപുരത്തെ ശ്രീകൃഷ്ണ ആശുപത്രിയും നിയമലംഘനം നടത്തിയ ആശുപത്രികളുടെ പട്ടികയിലുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു. പെൺകുട്ടിയിൽ നിന്നും ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കും കൈമാറിയെന്നാണ് മൊഴി.

സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലെ ആശുപത്രികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടണം. ഇവിടങ്ങളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളെ കരുതിയാണ് രണ്ടാഴ്ച സമയം നൽകിയത്. കേസുമായി ബന്ധപ്പെട്ട രണ്ട് സ്കാനിംഗ് സെന്‍ററുകൾ ഉടനടി അടച്ചുപൂട്ടണം. ആശുപത്രികളിൽ നിന്ന് 50 ലക്ഷം രൂപ വീതം പിഴ ഈടാക്കും. 10 വ‍ർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കുമെതിരെ കേസെടുക്കും. പെൺകുട്ടിയുടെ അമ്മ, കാമുകൻ സയ്യിദ് അലി, ഇടനിലക്കാരി മാലതി എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

Post a Comment

0 Comments