NEWS UPDATE

6/recent/ticker-posts

പിതൃസ്മരണയിൽ തൃക്കണ്ണാട് ബലിയർപ്പിച്ച് പതിനായിരങ്ങൾ

പാലക്കുന്ന് : കോവിഡ്കാല ഇടവേളയ്ക്ക് ശേഷം നടന്ന കർക്കിടക വാവ് നാളിലെ പിതൃതർപ്പണത്തിന് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ അപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വടക്കൻ ജില്ലകളിൽ നിന്നും കർണാടകയിൽ നിന്നും ഭക്തർ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി.[www.malabarflash.com]

തലേന്നാൾ തന്നെ കുടുംബസമേതം തർപ്പണത്തിനായി എത്തിയവർക്ക് വേണ്ടുന്ന സഹായങ്ങൾ ക്ഷേത്ര ഭരണസമിതിയും ആഘോഷ കമ്മിറ്റിയും ചെയ്തുകൊടുത്തിരുന്നു.

ശീവേലി എഴുന്നള്ളത്തിനും അനുബന്ധ അനുഷ്ഠാന ചടങ്ങുകൾക്കും ശേഷം മേൽശാന്തി നവീൻചന്ദ്ര കായർത്തായ അനുജ്ഞ പ്രസാദം നൽകി. ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കർമികത്വത്തിൽ ബലികർമങ്ങൾ നടന്നു.

ജനത്തിരക്ക് ഒഴിവാക്കാൻ 8 കൗണ്ടറുകളും ബലികർമങ്ങൾക്കായി 20 കർമികളെയും നിയോഗിച്ചിരുന്നു. ഉച്ചയോടെ ബലികർമങ്ങൾ പൂർത്തിയായി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ ക്ഷേത്രത്തിലും കടപ്പുറത്തും ഒരുക്കിയിരുന്നു. രാവിലെ 6 മുതൽ തർപ്പണ വേദിയായ കടപ്പുറത്തു വൻ തിരക്കാണ് അനുഭവപ്പെട്ടത് . കോട്ടിക്കുളത്തെ പെട്രോൾ പമ്പ് വരെ തർപ്പണം അർപ്പിക്കാനുള്ളവരുടെ നിര നീണ്ടു. എല്ലാവർക്കും പ്രഭാത ലഘുഭക്ഷണം നൽകി. 

5200 ആളുകളുടെ പേരിൽ തർപ്പണത്തിനായി രസീത് എടുത്തിരുന്നെവെന്നും
ശരാശരി ആറിലേറെ പേർ വീതം ഓരോന്നിലും പങ്കെടുത്തുവെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.വി. ബാബുരാജനും ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായരും പറഞ്ഞു.

30000 ൽ പരം ജനങ്ങളുടെ നിയന്ത്രണത്തിനും സുരക്ഷയ്ക്കും വേണ്ടി പോലീസ്, കോസ്റ്റൽ ഗാർഡ്, റോവർ സ്കൗട്ട്സ് , ക്ഷേത്ര ആഘോഷ കമ്മിറ്റി, മാതൃ സമിതി, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ എന്നിവർ സജീവമായി പ്രവർത്തിച്ചത് കൊണ്ടാണ് പിതൃതർപ്പണം ഇത്രയും ഭംഗിയായി നടന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Post a Comment

0 Comments