NEWS UPDATE

6/recent/ticker-posts

വയനാട്ടുകുലവൻ തെയ്യംകെട്ടുകൾക്കായി തറവാടുകൾ തയ്യാറെടുക്കുന്നു

പാലക്കുന്ന് : കോവിഡ് മഹാമാരിയെ തുടർന്ന് 2020 മുതൽ നിർത്തിവെക്കേണ്ടി വന്ന വിവിധ വയനാട്ടുകുലവൻ തറവാടുകളിലെ തെയ്യംകെട്ട് ഉത്സവങ്ങൾ 2023 ൽ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.[www.malabarflash.com]


2020ൽ 13 തറവാടുകളിൽ തെയ്യംകെട്ടുത്സവങ്ങൾക്ക് തീയതി നിശ്ചയിച്ചിരുന്നു. കോവിഡ് കാലത്തെ സർക്കാർ നിബന്ധനകൾ മാനിച്ച് പത്തിടത്തും അത് മാറ്റിവെക്കേണ്ടിവന്നു. വെള്ളിക്കോത്ത് വയനാട്ടുകുലവൻ ദേവസ്ഥാനമടക്കം, ഏതാനുമിടങ്ങളിൽ തെയ്യംകെട്ടിന് മുന്നോടിയായുള്ള 'കൂവം അളക്കൽ' ചടങ്ങ് നടന്നെങ്കിലും ഉത്സവം ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായി. പ്രാരംഭ പ്രവർത്തനങ്ങൾക്ക് അന്ന് ലക്ഷങ്ങൾ ചെലവിട്ടത് വെറുതെയായി. 

ജില്ലയിൽ ചെറുവത്തൂർ- മയ്യിച്ച മുതൽ തലപ്പാടിവരെയുള്ള വയനാട്ടുകുലവൻ തറവാടുകളിലാണ് അതത് തറവാടുകളുടെ തീരുമാനമനുസരിച്ച് തെയ്യംകെട്ടുത്സവങ്ങൾ നടത്തുന്നത്.

പാലക്കുന്ന് കഴകത്തിൽ വർഷത്തിൽ രണ്ടു തറവാടുകൾക്ക് അനുമതി നൽകിയിരുന്നത് 2021 മുതൽ ഒന്നായി ചുരുക്കാൻ ക്ഷേത്ര മഹാസഭ മുൻപ് തീരുമാനമെടുത്തിരുന്നുവെങ്കിലും കോവിഡ് കാലത്തെ അനിശ്ചിതത്വം മൂലം ആ തീരുമാനം നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.

മുന്നൊരുക്കങ്ങൾ പൂർത്തിയായി മാറ്റിവെക്കേണ്ടിവന്ന തൃക്കണ്ണാട് കൊളത്തുങ്കാൽ, പാക്കം പള്ളിപ്പുഴ പുലിക്കോടൻ തറവാടുകളിൽ 2023 ൽ തെയ്യംകെട്ട് നടത്താൻ പാലക്കുന്ന് കഴകം അനുമതി നൽകി. അതോടനുബന്ധിച്ച് കൊളത്തുങ്കാൽ തറവാട്ടിൽ തിങ്കളാഴ്ച്ച  ചേർന്ന യോഗം 2019ൽ തിരഞ്ഞെടുക്കപ്പെട്ട ആഘോഷകമ്മിറ്റി തന്നെ തുടരാനും, ഏപ്രിൽ 30, മെയ്‌ 1, 2 തീയതികളിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവം നടത്താനും തീരുമാനിച്ചു.

ചെയർമാൻ സി. എച്ച്. നാരായണൻ അധ്യക്ഷനായി. പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ, കുഞ്ഞികൃഷ്ണൻ കോട്ടിക്കുളം, തൃക്കണ്ണാട് ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങളായ അജിത്‌ സി. കളനാട്, സുധാകരൻ കുതിർമൽ, തറവാട് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണൻ, ദാമോദരൻ കൊപ്പൽ, വി.വി. കുഞ്ഞിക്കണ്ണൻ, നാരായണൻ മുല്ലച്ചേരി, രാഘവൻ തല്ലാണി, പാലക്കുന്നിൽ കുട്ടി, സുകുമാരൻ പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.

പാക്കം പള്ളിപ്പുഴ തറവാട്ടിൽ ബുധനാഴ്ച യോഗം ചേർന്ന് അവിടത്തെ തെയ്യംകെട്ടിനുള്ള തീയതി നിശ്ചയിക്കും.

Post a Comment

0 Comments