കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തുന്നതിനിടെ ജീവനക്കാരൻ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷമീമാണ് 1.19 കോടി രൂപയുടെ സ്വർണവുമായി പിടിയിലായത്. ഇയാൾ പുറത്തിറങ്ങുന്നതിനിടെ സംശയം തോന്നിയ കേന്ദ്ര വ്യവസായ സുരക്ഷസേനയാണ് (സി.ഐ.എസ്.എഫ്) പരിശോധന നടത്തി സ്വർണം കണ്ടെടുത്തത്.[www.malabarflash.com]
ആഗമന ഹാളിലെ സെക്യൂരിറ്റി ഗേറ്റിലെ പരിശോധനയിലാണ് മൂന്ന് പാക്കറ്റിലായി ഒളിപ്പിച്ച 2647 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്. തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസിന് കൈമാറി. ദുബൈയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരൻ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ എയ്റോബ്രിഡ്ജിലാണ് സ്വർണം കൈമാറിയതെന്നാണ് ഇയാൾ നൽകിയ മൊഴി.
എ.ഐ.എ.എസ്.എൽ ജീവനക്കാരനായ ഷമീം എയർ അറേബ്യ കസ്റ്റമർ ഏജന്റായാണ് കരിപ്പൂരിൽ ജോലി ചെയ്യുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി. പിടികൂടിയ സ്വർണമിശ്രിതത്തിൽനിന്ന് 1,19,46,940 രൂപയുടെ 2309.48 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്. ഇയാൾ നേരത്തെയും സ്വർണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
0 Comments