NEWS UPDATE

6/recent/ticker-posts

16 ലക്ഷം ചെലവിട്ട് ജ്യോത്സ്യരെ നിയമിച്ചതിന് പിന്നാലെ ഫിഫയുടെ വിലക്ക്; ആരാധകർ വീണ്ടും ചോദിക്കുന്നു, ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെന്താകും?

കോഴിക്കോട്: ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലെ കളിക്കാരെ പ്രചോദിപ്പിക്കാനും പ്രതീക്ഷയോടെ നിലനിര്‍ത്താനുമായി ആഴ്ചകൾക്ക് മുമ്പ് 16 ലക്ഷം ചെലവിട്ട് ഒരു ജ്യോത്സ്യക്കമ്പനിയെ നിയോഗിച്ചപ്പോൾ തന്നെ ആരാധകർ ചോദിച്ചതാണ്, ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെന്താകുമെന്ന്. അന്ന് ജ്യോത്സ്യരെ നിയമിച്ച ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഇപ്പോൾ ഫിഫയുടെ വിലക്ക് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചകളും ട്രോളുകളും കൊഴുക്കുകയാണ്.[www.malabarflash.com]

വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. ഇപ്പോഴും ആരാധകർ ചോദിക്കുന്നത് അതേ ചോദ്യമാണ്, ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയെന്താകും?

നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ലോക ഫുട്ബാൾ ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിത ലോകകപ്പ് ​വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അസോസിയേഷൻ ഭരണത്തിൽ പുറത്തു നിന്നുണ്ടായ ഇടപെടലാണ് വിലക്കിനു കാരണം.

2020ല്‍ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ ശേഷം എ.ഐ.എഫ്.എഫിന്‍റെ പ്രവര്‍ത്തനങ്ങൾ താളം തെറ്റിയതോടെ സുപ്രീംകോടതി താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചിരുന്നു. ഇത് ചട്ടങ്ങളുടെ ഗുരുതര ലംഘനമാണെന്നാണ് ഫിഫ പ്രസ്താവനയിൽ വിശദീകരിക്കുന്നത്.

ഉടൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ ഫിഫ ഇടപെട്ടിരുന്നു. നയങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫുട്ബാൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടർ -17 വനിത ലോകകപ്പ് വേദി മാറ്റുകയും ചെയ്യുമെന്ന് ഫിഫ താക്കീതും നൽകി. ദൈനംദിന കാര്യങ്ങളുടെ പൂർണ നിയന്ത്രണം എ.ഐ.എഫ്.എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് നിലനിൽക്കുമെന്നാണ് ഫിഫയുടെ മുന്നറിയിപ്പ്.

ഒക്ടോബർ 11 മുതൽ 30 വരെയാണ് വനിത ലോകകപ്പ് നടക്കുന്നത്. 2020ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡിനെ തുടർന്ന് മാറ്റിവെക്കുകയുമായിരുന്നു. എ.എഫ്‌.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ്, എ.എഫ്‌.സി കപ്പ്, എ.എഫ്‌.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബുകൾക്ക് പങ്കെടുക്കാനാകില്ല.

ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലേക്ക് ജ്യോത്സ്യക്കമ്പനിയെ ഫെഡറേഷന്‍ നിയമിച്ചതിനെതിരെ പല കോണുകളില്‍നിന്ന് വിമര്‍ശനം ഉയർന്നിരുന്നു.

മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ തനുമോയ് ബോസ് ഫുട്‌ബാള്‍ ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയർത്തിയത്. ''നല്ല രീതിയില്‍ യൂത്ത് ലീഗ് മത്സരങ്ങള്‍ നടത്തുന്നില്ല, പ്രധാന ടൂർണമെന്റുകളെല്ലാം നിര്‍ത്തലാക്കി, ഇപ്പോഴിതാ ജ്യോത്സ്യനെ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബാളിന്റെ പ്രതിച്ഛായ ആകെ വഷളായി'' എന്നിങ്ങനെയാണ് പി.ടി.ഐയോട് തനുമോയ് ബോസ് പ്രതികരിച്ചത്.

Post a Comment

0 Comments