യൂ കെ: വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ കൊന്ന 32-കാരന് 19 വര്‍ഷം തടവ് ശിക്ഷ. യുകെ കോടതിയാണ് കാള്‍ ടൗണ്‍സെന്‍ഡ് എന്ന യുവാവിന് ശിക്ഷ വിധിച്ചത്.[www.malabarflash.com]
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 -നായിരുന്നു കൊല നടന്നത്. മെര്‍സിസൈഡിലെ ഹെയ്ല്‍വുഡിലുള്ള വീടിന് പുറത്ത് വച്ച് മോഷ്ടാവായ ജോര്‍ദാന്‍ ബ്രോഫിയെന്ന 31 കാരനെ കാള്‍ ടൗണ്‍സെന്‍ഡ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ലിവര്‍പൂള്‍ ക്രൗണ്‍ കോടതി അയാളെ ഒടുവില്‍ നരഹത്യയ്ക്ക് ശിക്ഷിച്ചു.
സംഭവ ദിവസം വൈകിട്ട് ഏകദേശം 6.26 നാണ് കാള്‍ തന്റെ മാതാപിതാക്കളെ കാണാന്‍ അവരുടെ വീട്ടിലേക്ക് പോയത്. കാമുകി അമേലിയ റിഗ്ബിയും, മൂന്ന് വയസ്സുള്ള മകളും നായയെ നടത്തിക്കാനും പോയി. വീട്ടില്‍ ആരുമില്ലായിരുന്നു.
അപ്പോഴാണ് മൂന്ന് കാറുകളിലായി കൊല്ലപ്പെട്ട മോഷ്ടാവായ ജോര്‍ദാനും മറ്റ് മൂന്ന് പേരും സ്ഥലത്ത് എത്തുന്നത്. വീട്ടിലാരും ഇല്ലെന്ന് ഉറപ്പിച്ച ശേഷം, ജോര്‍ദാനും കൂടെയുള്ള രണ്ടുപേരും പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കടന്നു.
എന്നാല്‍, ഇതേ സമയം വീട്ടില്‍ അപരിചിതരുടെ സാന്നിധ്യം വാതില്‍ക്കല്‍ വച്ചിരിക്കുന്ന ക്യാമറ തിരിച്ചറിഞ്ഞു. പിന്നാലെ തന്റെ മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ആപ്പിലൂടെ കാളിന് വീട്ടില്‍ അപരിചതര്‍ കയറിയിട്ടുണ്ടെന്ന സന്ദേശം ലഭിച്ചു.
ഈ വിവരം ആപ്പിലൂടെ അറിഞ്ഞ കാള്‍ ഉടനെ ഒരു കറിക്കത്തിയുമായി വീട്ടിലെത്തി. തുടര്‍ന്ന്, അയാള്‍ മോഷ്ടാക്കളെ കണ്ടു. അവരുമായി ഏറ്റുമുട്ടി. ഇതിനിടയിലാണ് കാള്‍ ജോര്‍ദാനെ ഒന്നിലധികം തവണ കുത്തിയത്. കാളിന്റെ കത്തി ജോര്‍ദാന്റെ തലയോട്ടിയില്‍ തുളച്ചുകയറി, ബ്ലേഡിന്റെ ഒരു ഭാഗം തലച്ചോറിനുള്ളിലായി. എന്നിട്ടും അയാളുടെ ദേഷ്യം അടങ്ങിയില്ല.
ജോര്‍ദാന്റെ തലയിലും മുഖത്തും കൈകളിലും കാള്‍ ആവര്‍ത്തിച്ച് കുത്തി. ഒടുവില്‍ വീടിന് മുന്നിലുള്ള റോഡില്‍ വച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കി. ആക്രമിക്കപ്പെടുന്നതിനിടയില്‍ ജോര്‍ദാന്‍ തന്നെ വെറുതെ വിടാന്‍ ആവശ്യപ്പെട്ട് പലവട്ടം കേണപേക്ഷിച്ചു. 'എന്റെ മകന്‍ ഒട്ടും നല്ലവനല്ല ഞാന്‍ സമ്മതിക്കുന്നു. പക്ഷേ അവനെ എന്നില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ആര്‍ക്കും ഒരിക്കലും അവകാശമില്ല'-ജോര്‍ദാന്റെ അമ്മ കോടതിയില്‍ പറഞ്ഞു.
ജാഗ്വാര്‍ ലാന്‍ഡ് റോവറിലായിരുന്നു മകന് ജോലിയെന്ന് ആ അമ്മ പറഞ്ഞു. ഒരു ഘട്ടത്തില്‍ ആ ജോലി ജോര്‍ദാന് നഷ്ടമായി. അതോടെയാണ് മകന്‍ വഴിതെറ്റി പോയതെന്ന് അവര്‍ പറയുന്നു. ജോര്‍ദാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അമ്മ വെളിപ്പെടുത്തി. രോഗം ചികിത്സിക്കാനിരിക്കെയായിരുന്നു മരണം.
ആക്രമിക്കുന്ന സമയത്ത്, ജോര്‍ദാന്‍ നിരായുധനായിരുന്നു. അതുകൊണ്ട് തന്നെ ഒരു തരത്തിലും ഈ ആക്രമം ന്യായീകരിക്കാന്‍ കഴിയാത്തതാണ് എന്ന് ശിക്ഷ വിധിക്കുന്ന സമയത്ത് ജഡ്ജി ആന്‍ഡ്രൂ മെനറി ക്യുസി പറഞ്ഞു. തീര്‍ത്തും പൈശാചികമായ കൊലപാതമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
ജോര്‍ദാന്‍ ചെയ്തത് തെറ്റാണെങ്കിലും, ഒരാളുടെ ജീവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജോര്‍ദാന്റെ കുടുംബം കോടതി വിധിയെ സ്വാഗതം ചെയ്തു.
0 Comments