NEWS UPDATE

6/recent/ticker-posts

പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം; ആറേകാൽ ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മലപ്പുറം: പ്രകൃതിചികിത്സ-യോഗ സമ്പ്രദായമനുസരിച്ച് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് ചികിത്സ നടത്തിയെങ്കിലും കുഞ്ഞ് മരിച്ച സംഭവത്തില്‍ പരാതിക്കാരിക്ക് ചികിത്സ ചെലവ് ഉൾപ്പെടെ 6,24,937 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധിച്ചു.[www.malabarflash.com]


കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയാണെന്ന് കമീഷന്‍ കണ്ടെത്തി. സിസേറിയന്‍ മുഖേന മൂന്ന് പ്രസവം കഴിഞ്ഞ സ്ത്രീയെയാണ് സ്വാഭാവിക പ്രസവം വാഗ്ദാനം ചെയ്ത് ചികിത്സിച്ചത്. സ്വാഭാവിക പ്രസവം പ്രതീക്ഷിച്ചാണ് പരാതിക്കാരി സ്‌പ്രൗട്ട്സ് ഇന്റർനാഷനൽ മെറ്റേർണി സ്റ്റുഡിയോ പ്രകൃതി-യോഗ ചികിത്സാലയത്തിൽ എത്തിയത്.

അഞ്ചുമാസം സ്ഥാപനത്തിലെ ചികിത്സരീതികള്‍ പിന്തുടര്‍ന്നു. എന്നാൽ, പ്രസവവേദനയെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രസവം നടന്നില്ല. അവശനിലയിലായ ഇവരെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചു. ദീര്‍ഘകാലത്തെ ചികിത്സക്കുശേഷവും അവശനിലയില്‍ തുടര്‍ന്നതിനാല്‍ ഉപഭോക്തൃ കമീഷനെ സമീപിക്കുകയായിരുന്നു.

സിസേറിയന്‍ കഴിഞ്ഞശേഷം സ്വാഭാവിക രീതിയിലുള്ള പ്രസവം അപകടമാണെന്ന് അറിഞ്ഞുകൊണ്ടും മതിയായ സുരക്ഷ സംവിധാനമോ പ്രസവ വിദഗ്ധയുടെ മേല്‍നോട്ടമോ ഇല്ലാതെയുമാണ് പ്രസവ ശുശ്രൂഷക്ക് ശ്രമിച്ചതെന്നും പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതമുണ്ടായിരുന്നില്ലെന്നും കമീഷന്‍ കണ്ടെത്തി.

സമാന സംഭവത്തിൽ ഉപഭോക്തൃ കമീഷൻ മുമ്പാകെ വേറെയും പരാതി വന്നതായും മറ്റൊരു സംഭവത്തിൽ പ്രസവത്തിനിടെ മാതൃമരണം സംഭവിച്ചതിനാൽ ജില്ല മെഡിക്കൽ ഓഫിസറുടെ പരാതിയിൽ മനഃപൂർവമല്ലാത്ത കൊലപാതകത്തിന് ഡോക്ടർക്കെതിരെ ക്രിമിനൽ നടപടി നിലനിൽക്കുന്നതായും വിചാരണക്കിടെ കമീഷന് ബോധ്യപ്പെട്ടു.

പ്രകൃതിചികിത്സ-യോഗ പ്രകാരം നടത്തുന്ന ചികിത്സയിൽ അപകടത്തിന് സാധ്യതയില്ലെന്നും പരാതിക്കാരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ചികിത്സ ഏറ്റെടുത്തതെന്നും പ്രസവവും കുഞ്ഞിന്‍റെ മരണവും സ്ഥാപനത്തിൽ നിന്നല്ല സംഭവിച്ചതെന്നുമടക്കമുള്ള ഡോക്ടറുടെ വാദങ്ങൾ കമീഷൻ അംഗീകരിച്ചില്ല.

വിധിയിൽ പറയുന്ന തുക ഒരുമാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും അല്ലെങ്കിൽ പരാതി ഉന്നയിച്ച തിയതി മുതല്‍ ഒമ്പതുശതമാനം പലിശ സഹിതം നൽകണമെന്നും വിധിയിലുണ്ട്. കെ. മോഹന്‍ദാസ് പ്രസിഡൻറും പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷനാണ് പരാതി പരിഗണിച്ചത്.

Post a Comment

0 Comments