NEWS UPDATE

6/recent/ticker-posts

'തിരികെ സ്വാഗതം'; കോവിഡിന് ശേഷം നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിച്ച് ചൈന

ബെയ്ജിങ്: രണ്ട് വര്‍ഷത്തിനു ശേഷം നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കാനുള്ള പദ്ധതിക്ക് ചൈന തുടക്കം കുറിച്ചു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ രണ്ട് വര്‍ഷമായി ചൈന ഒരുതരത്തിലുള്ള വിസയും അനുവദിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ കൂടാതെ ബിസിനസ്സ് വിസയക്കും വിവിധ തരത്തിലുള്ള യാത്രാ പെര്‍മിറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.[www.malabarflash.com]

'ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍, ക്ഷമയോടെ ഇരുന്നത് വലിയ കാര്യമാണ്. നിങ്ങളുടെ ആവേശവും സന്തോഷവും എനിക്ക് തീര്‍ച്ചയായും പങ്കിടാന്‍ കഴിയും. ചൈനയിലേക്ക് തിരികെ സ്വാഗതം' എന്നും ചൈനയുടെ ഏഷ്യന്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ കൗണ്‍സിലര്‍ ജി റോങ് ട്വീറ്ററില്‍ കുറിച്ചു. ഡല്‍ഹിയിലെ ചൈനീസ് എംബസി വഴി വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സുകാര്‍ക്കും ചൈനയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാമെന്ന് കുറിപ്പില്‍ പറയുന്നു.

പുതിയ അറിയിപ്പ് പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നവര്‍ക്കും ചൈനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും X1-വിസ അനുവദിക്കും. 23000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കോവിഡ് കാരണം തിരിച്ചു പോകാന്‍ കഴിയാതെ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രയും വേഗം ചൈനയിലേക്ക് തിരിച്ചു വന്ന് പഠനം തുടരാനാഗ്രഹിക്കുന്നവരുടെ ലിസ്റ്റ് ചൈന ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നൂറുകണക്കിന് വിദ്യര്‍ത്ഥികളുടെ പട്ടികയാണ് ഇന്ത്യ സമര്‍പ്പിച്ചത്.

കോവിഡ് വിസ നിരോധനം മൂലം ചൈനയിലേക്ക് പോകാനാകാത്ത പുതുതായി എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും പഴയ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് വിസ നല്‍കുമെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നത്. പുതിയതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ചൈനീസ് യൂണിവേഴ്‌സിറ്റി അനുവദിച്ച അഡ്മിഷന്‍ ലെറ്ററും, പഴയ വിദ്യാര്‍ത്ഥികള്‍ തിരികെ എത്തുന്നതിന് യൂണിവേഴ്‌സിറ്റി അനുവദിച്ച സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. എന്നാല്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ചൈനയിലേക്ക് തിരിച്ചു പോയി മുടങ്ങിപ്പോയ പഠനം തുടരാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ ഇതുവരെ ഒരു നിലപാടും എടുത്തിട്ടില്ല.

ഇരു രാജ്യങ്ങളിലേക്കും നേരിട്ട് വിമാനങ്ങളില്ല എന്നതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു പോകുന്നതിലുള്ള പ്രധാന പ്രശ്‌നമാണ്. ജൂലൈ മുതല്‍ ചൈനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള അനുമതി കിട്ടിയിരുന്നു. എന്നാല്‍, മറ്റു രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്ക് പലര്‍ക്കും സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ വളരെ കൂടുതല്‍ തുക നല്‍കേണ്ടി വന്നിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇന്ത്യ-ചൈന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീലങ്ക, പാക്കിസ്താന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴിയാണ് ഇവര്‍ ചൈനയിലെത്തുന്നത്.

ഇന്ത്യയിലെ ചൈനീസ് എംബസി പ്രഖ്യാപിച്ച വിസ വിഭാഗത്തില്‍ ക്രൂ അംഗങ്ങള്‍ക്ക് നല്‍കിയ സി വിസയും ഉള്‍പ്പെടും. വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എം വിസയും, സന്ദര്‍ശനങ്ങള്‍, പഠന യാത്രകള്‍ എന്നിവയ്ക്കായി ചൈനയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എഫ് വിസയുമാണ് നല്‍കുന്നത്. മറ്റ് വിസകളില്‍ എംബസി പ്രഖ്യാപിച്ച ബാക്കി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. ചൈനയില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇസഡ് വിസയും മറ്റ് കാറ്റഗറി പെര്‍മിറ്റുകളില്‍ ചൈനയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്കുള്ള വിസയും ഉള്‍പ്പെടുന്നു.

Post a Comment

0 Comments