കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ പീഡന പരാതി നൽകിയ കവയിത്രി സംഭവ സമയത്ത് ധരിച്ചിരുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നെന്നു കോടതി നിരീക്ഷണം. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സെഷൻസ് ജഡ്ജി എസ്.കൃഷ്ണൻ കുമാർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.[www.malabarflash.com]
പരാതിക്കൊപ്പം സിവിക് ചന്ദ്രൻ ഹാജരാക്കിയ ചിത്രങ്ങളിൽനിന്ന് ഇതു വ്യക്തമാണെന്നും ആരോപിക്കുന്നതു പോലെ 354 എ വകുപ്പ് സിവിക് ചന്ദ്രനെതിരെ നിലനിൽക്കില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവ്.
‘‘ശാരീരിക സമ്പർക്കം ഉണ്ടെന്നു സമ്മതിച്ചാൽ തന്നെ 74 വയസുകാരനായ ശാരീരിക വൈകല്യം ഉള്ള പുരുഷൻ പരാതിക്കാരിയെ ബലമായി മടിയിൽ ഇരുത്തി ദേഹോപദ്രവം ഏൽപിച്ചു എന്നതു വിശ്വസിക്കാൻ കഴിയില്ല. 30 വയസുകാരിയായ പരാതിക്കാരിക്ക് ലൈംഗിക ഉപദ്രവം എന്ത് എന്നത് നന്നായി മനസിലാക്കാൻ സാധിക്കും.
എങ്കിലും സംഭവം നടന്ന് രണ്ടര വർഷത്തിനു ശേഷമാണ് പരാതി ഉന്നയിക്കുന്നത്. അതും കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു പരാതി റജിസ്റ്റർ ചെയ്യപ്പെട്ടതിനു ശേഷം. പരാതി നൽകാൻ ഇത്രയും വൈകിയത് എന്ത് എന്നത് പരാതിക്കാരി തന്നെ വിശദീകരിക്കേണ്ടതാണ്. ഇവിടെ അതുണ്ടായിട്ടില്ല’’ – കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടൽത്തീരത്തുനടന്ന കവിത ക്യാംപിനെത്തിയപ്പോൾ സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
0 Comments