ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിയെ കൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പി എ സുധീർ സാംഗ്വാൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചതിനാൽ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങൾ റെസ്റ്റോറന്‍റിലെ സിസിടിവിയിൽ നിന്നും കിട്ടിയിട്ടുമുണ്ട്. വടക്കൻ ഗോവയിലുള്ള കേർലീസ് റസ്റ്റോറന്‍റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്ന് പോലീസ് പറയുന്നു. മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് റസ്റ്റോറന്‍റ് ഉടമ എഡ്വിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയ ആളാണ് ഇന്ന് അറസ്റ്റിലായ ദത്താ പ്രസാദ് ഗോവൻകർ.
എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണ് സംഭവം നടന്ന ദിനം ഉപയോഗിക്കപ്പെട്ടത്. 2008ൽ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ഗോവാ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും പ്രതിസ്ഥാനത്ത് കേർലീസ് റസ്റ്റോറന്‍റ് ഉണ്ടായിരുന്നു. മരിക്കും മുൻപ് പെൺകുട്ടി ഈ റെസ്റ്റോറന്‍റിലേക്ക് പോയിരുന്നെന്നും മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടെന്നുമായിരുന്നു ആരോപണം.
സൊനാലിയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ പി എ സുധീർ സാംഗ്വാനും സൊനാലിയുടെ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് കുടുംബത്തിന്‍റെ ആരോപണം. സൊനാലിയെ ഇയാൾ ബലാത്സംഗം ചെയ്തെന്ന് വരെ സഹോദരൻ ആരോപിച്ചു. എന്നാൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതടക്കം സമീപകാല ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. മാത്രമല്ല ഹരിയാനയിൽ സുധീർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തപ്പോൾ ഭാര്യയായി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്നത് സൊനാലിയെയാണ വിവരവും ഇന്ന് പുറത്ത് വന്നു.
0 Comments