വിമാനത്താവളത്തിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വര്‍ണം കൈമാറാനായി കാത്തുനിന്ന കസ്റ്റംസ് സുപ്രണ്ട് മുനിയപ്പയെയാണ് തെളിവ് സഹിതം കരിപ്പൂര്‍ പോലീസ് പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വര്‍ണ്ണമാണ് മുനിയപ്പ വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്. ശേഷം കടത്തികൊണ്ട് വന്ന യാത്രക്കാര്‍ക്ക് 25000 രൂപ പ്രതിഫലത്തിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്.
രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടന്‍തന്നെ തൊട്ടടുത്ത സ്ഥലത്തേക്ക് വരാന്‍ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്.
640 ഗ്രാം സ്വര്‍ണവുമായി എത്തിയ യാത്രക്കാരില്‍ നിന്ന് 320ഗ്രാം സ്വര്‍ണം മാത്രം പിടികൂടിയതായി രേഖയില്‍ കാണിച്ചു ബാക്കി വരുന്ന 320 ഗ്രാം സ്വര്‍ണമാണ് പുറത്ത് എത്തിച്ചു തരാമെന്ന രഹസ്യ ധാരണ ഉണ്ടാക്കിയത്. ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിര്‍ദേശിച്ച് ഫോണ്‍ നമ്പറും യാത്രക്കാര്‍ക്ക് മുനിയപ്പ കൈമാറിയിരുന്നു.
മുനിയപ്പ താമസിക്കുന്ന വിമാനത്താവള പരിസരത്തെ ലോഡ്ജിന് അടുത്ത് വെച്ച് കൈമാറാനായിരുന്നു പദ്ധതി. രഹസ്യമായി പിന്തുടര്‍ന്ന പോലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടുകയായിരുന്നു.
നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. മുനിയപ്പയില്‍ നിന്ന് 4 പാസ്‌പോട്ടുകളും 320 ഗ്രാം സ്വര്‍ണവും 442980 രൂപയും 500 യുഎഇ ദിര്‍ഹവും ആഡംബര വസ്തുക്കളും പോലീസ് പിടികൂടി.
നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. മുനിയപ്പയില്‍ നിന്ന് 4 പാസ്‌പോട്ടുകളും 320 ഗ്രാം സ്വര്‍ണവും 442980 രൂപയും 500 യുഎഇ ദിര്‍ഹവും ആഡംബര വസ്തുക്കളും പോലീസ് പിടികൂടി.
തുടര്‍ നടപടികള്‍ക്കായി സിബിഐ, ഡിആര്‍ഐ ഏജന്‍സികള്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും. മുനിയപ്പക്ക് എതിരെ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണക്കടത്തിന്റെ പേരില്‍ കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.
0 Comments