വിഴുപ്പുരം: തമിഴ്നാട് വിഴുപ്പുരത്ത് ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിർത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു. പുതുച്ചേരി അതിർത്തിക്കടുത്ത് ഓറോവില്ലിലാണ് സംഭവം. മൂന്നംഗ സംഘമാണ് കൊല നടത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡിഎംകെ നേതാവാണ് തമിഴ്നാട്ടിൽ കൊല്ലപ്പെട്ടത്.[www.malabarflash.com]
വിഴുപ്പുരം വാനൂരിനടുത്ത് കൊട്ടക്കരൈ സ്വദേശിയാണ് കൊല്ലപ്പെട്ട ജയകുമാർ. ഡിഎംകെ ജനറൽ കൗൺസിൽ അംഗമായ ജയകുമാർ കോട്ടക്കരൈയിൽ നിന്ന് തിരുസിത്തമ്പലം എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്നംഗ കൊലയാളി സംഘം വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജയകുമാറിനെ പിന്തുടർന്ന് ഓടിച്ച് വെട്ടുകയായിരുന്നു.
ഗുരുതരമായി മുറിവേൽപ്പിച്ച ശേഷം അക്രമിസംഘം കടന്നുകളഞ്ഞു. സമീപത്ത് ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ ജയകുമാർ മരിച്ചു. സംഭവത്തിൽ ഓറോവിൽ പോലീസ് അന്വേഷണം തുടങ്ങി. കൊലപാതകികളെക്കുറിച്ച് നിലവിൽ സൂചനയൊന്നും ഇല്ലെന്നാണ് വിവരം.
രണ്ട് ദിവസം മുമ്പ് തമിഴ്നാട് തിരുവള്ളൂരിൽ ഡിഎംകെ നേതാവ് മോഹനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രാത്രി പത്ത് മണിയോടെ വീടിന് സമീപം നടക്കാനിറങ്ങിയ പിന്തുടർന്നെത്തിയ മൂന്നംഗം അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിൽ സഞ്ജയ്, വിക്കി, റിതീഷ് എന്നീ മൂന്ന് പ്രതികളെ തിരുത്തണി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
സമാനമായ സംഭവത്തില്‍ ബോഡിനായ്ക്കന്നൂരിൽ കൊച്ചു മക്കൾക്ക് പലഹാരം വാങ്ങാൻ പോയ മുത്തച്ഛനെ പട്ടാപ്പകൽ നടു റോഡിൽ വെട്ടിക്കൊന്നിരുന്നു. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. കേസിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണൻറെ സുഹൃത്ത് മാരിമുത്തുവിന്‍റെ നേതൃത്വത്തിലായിരുന്നു കൊലപാതകം നടന്നത്. വാടക സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറഞ്ഞത്.
ബോഡിനായ്ക്കന്നൂർ സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. സാധനങ്ങൾ വാങ്ങി ബൈക്കിൽ വരവെ അഞ്ചംഗ സംഘം റോഡിൽ തടഞ്ഞു നിർത്തിയാണ് കൊലപ്പെടുത്തിയത്.കേസിൽ രാധാകൃഷ്ണന്‍റെ സുഹൃത്ത് മാരിമുത്തു. മകൻ മനോജ് കുമാർ, സുരേഷ്, സുരഷിൻറെ മകൻ യുവരാജ്, മദൻകുമാർ, മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.
0 Comments