വേളാങ്കണ്ണി: തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. കഴിഞ്ഞ 17-നാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രമുഖ പണം ഇടപാടുകാരിൽ ഒരാളായ ടി വി ആർ മനോഹറിനെയാണ് സുഹൃത്തുക്കളുടെ മുന്നിലിട്ട് ഒരു സംഘം വെട്ടി നുറുക്കിയത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഹോസ്റ്റൽ അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങളുള്ള ആളാണ് മനോഹർ.[www.malabarflash.com]
കഴിഞ്ഞ ദിവസം രാത്രിയോടെ വേളാങ്കണ്ണിയിലെ മണിവേലിലുള്ള സ്വന്തം ഓഫീസിൽ ഇരിക്കുകയായിരുന്നു മനോഹർ.ഓഫീസിലെ കസേരയിൽ ഇരുന്നു പണം എണ്ണുന്നത് സിസിടിവി വീഡിയോയിൽ കാണാം. പെട്ടെന്ന്, മൂന്ന് അജ്ഞാതരായ അക്രമികൾ ഓഫീസ് മുറിയിലേക്ക് അതിക്രമിച്ച് കയറി മനോഹറിനെ വെട്ടാൻ ശ്രമിച്ചു. തുടക്കത്തിൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഒടുവിൽ ആക്രമികളായ മൂന്ന് പേർ മനോഹറിനെ കീഴ്പ്പെടുത്തി. പിന്നാലെ മനോഹറിനെ ക്രുരമായി വെട്ടിനുറുക്കി. അരിവാൾ ഉപയോഗിച്ച് കൈ വെട്ടിയെടുത്തു. ശബ്ദം കേട്ട് ഓടിയെത്തിയവരെയെല്ലാം ആക്രമികൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തി മാറ്റി. പിന്നാലെ അക്രമികൾ എത്തിയ ബൈക്കിൽ തന്നെ രക്ഷപ്പെടുകയും ചെയ്തു
പോലീസെത്തി മനോഹറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. ദാരുണമായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു പണമിടപാട് സ്ഥാപനവുമായി മനോഹറിന് തർക്കങ്ങളുണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. നേരത്തെ പലപ്പോഴും ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായും അത് വെല്ലുവിളിലേക്ക് നീണ്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാൻ തമിഴ്‌നാട് നാഗപട്ടണം പോലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചാണ് അന്വേഷണം നടത്തിവരുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
0 Comments