റിയാദ്: 'ഉണക്കിയ പഴങ്ങള്‍' എന്ന വ്യാജേന വിസ ഏജന്റ് കൊടുത്ത പൊതിയുമായി റിയാദിലെത്തിയ തമിഴ്‌നാട്ടുകാരനും അത് ഏറ്റുവാങ്ങാനെത്തിയ മൂന്ന് മലയാളികളും പിടിയില്‍. ബംഗളൂരുവില്‍നിന്നാണ് ഏജന്റ് തമിഴ്‌നാട്ടുകാരനെ ഈ പൊതി ഏല്‍പിച്ചത്. അയാള്‍ റിയാദില്‍ ഇറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് മയക്കുമരുന്ന് കണ്ടതോടെ അറസ്റ്റ് ചെയ്തു. ഏറ്റുവാങ്ങാനെത്തിയ മലയാളികളെയും അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
മുമ്പ് അബഹയില്‍ ജോലി ചെയ്തിരുന്ന ഈ തമിഴ്നാട് സ്വദേശി ഫൈനല്‍ എക്സിറ്റില്‍ പോയി പുതിയ വിസയില്‍ വരുമ്പോഴാണ് എജന്റിന്റെ ചതിയില്‍ പെട്ടത്. ടിക്കറ്റും പാസ്പോര്‍ട്ടും ബംഗളുരുവിലെ ഓഫീസിലാണുള്ളതെന്നും അവിടെ പോയി അതുവാങ്ങി റിയാദിലേക്ക് പോയാല്‍ മതിയെന്നും വിസ ഏജന്റ് പറയുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്പോര്‍ട്ടും നല്‍കിയപ്പോള്‍ ഡ്രൈ ഫ്രൂട്സ് എന്ന പേരില്‍ ഒരു പാക്കറ്റും നല്‍കിയിരുന്നു. ഡ്രൈ ഫ്രൂട്സ് സ്വീകരിക്കാന്‍ റിയാദില്‍ ആളെത്തുമെന്നും പറഞ്ഞു.
റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഡ്രൈ ഫ്രൂട്സ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ നീക്കങ്ങളില്‍ മയക്കുമരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നുപേരും പോലീസ് പിടിയിലായി. എല്ലാവരും ഇപ്പോള്‍ ജയിലിലാണ്. അതേസമയം തമിഴ്നാട് സ്വദേശിയെ ഏജന്റ് വഞ്ചിച്ചതാണെന്നും ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം ചെന്നൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
0 Comments