NEWS UPDATE

6/recent/ticker-posts

ബംഗളൂരുവിൽ ഫ്ലാറ്റിൽ തളിച്ച കീടനാശിനി ശ്വസിച്ച് കണ്ണൂര്‍ സ്വദേശിയായ ബാലിക മരിച്ചു

ബംഗളൂരു: ബംഗളൂരു വസന്ത്‌നഗറിലെ ഫ്ലാറ്റിൽ തളിച്ച കീടനാശിനി ശ്വസിച്ച് മലയാളി ബാലിക മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പില്‍ രായരോത്ത് വിനോദ് കുമാറിന്‍റെ മകള്‍ അഹാനയാണ് (എട്ട്) മരിച്ചത്. വസന്ത്‌നഗര്‍ കമലാബായി സ്‌കൂളില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ്.[www.malabarflash.com]


കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. വസന്തനഗര്‍ മാരിയമ്മ ക്ഷേത്രത്തിന് സമീപത്തെ അപ്പാര്‍ട്മെന്‍റിലാണ് വിനോദും കുടുംബവും വാടകക്ക് താമസിക്കുന്നത്. കീടനാശിനി തളിക്കുന്നതിനാല്‍ കുറച്ചുദിവസം വീട്ടില്‍നിന്ന് മാറിനില്‍ക്കണമെന്ന് വീട്ടുടമ വിനോദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുടുംബം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് പോയി. തിങ്കളാഴ്ച പുലർച്ച 5.30നാണ് തിരിച്ചെത്തിയത്.

കുറച്ചുനേരം കിടന്നുറങ്ങി. ഏഴരയായപ്പോള്‍ മൂന്നുപേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രക്ഷീണമാണെന്ന് കരുതി വീട്ടില്‍ നേരത്തേ സൂക്ഷിച്ചിരുന്ന ജാറിലെ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിച്ചു. 11 മണിയായപ്പോള്‍ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി മോശമായി. വിനോദ് തന്നെ ആംബുലന്‍സ് വിളിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും അഹാന ഉച്ചക്ക് ഒന്നരയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തു.

അപ്പാർട്മെന്‍റ് ഉടമയെ ഹൈഗ്രൗണ്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ ഫ്ലാറ്റില്‍ പരിശോധന നടത്തി. പത്തുവര്‍ഷത്തോളമായി വിനോദും കുടുംബവും ബംഗളൂരുവില്‍ താമസിക്കുന്നുണ്ട്. യശ്വന്തപുരയില്‍ ടെലി കമ്യൂണിക്കേഷന്‍ രംഗത്താണ് വിനോദ് ജോലി ചെയ്യുന്നത്.

Post a Comment

0 Comments