NEWS UPDATE

6/recent/ticker-posts

അജ്മീർ ദർഗയിൽ ശിഹാബ് ചോറ്റൂരിനെ അപമാനിച്ചതിന് ഖാദിമുകളുടെ സംഘടന ക്ഷമാപണം നടത്തി

അജ്മീർ: മക്കയിലേക്ക് കാൽനടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ചൊവ്വാഴ്ച അജ്മീർ ദർഗയിൽ എത്തിയപ്പോൾ മഖ്ബറയിൽ നിന്ന് അപമാനിച്ചയച്ച നടപടിയിൽ 'ഖാദിമു'കളുടെ സംഘടനയായ 'അഞ്ജുമൻ സയ്യിദ് സാദ്ഗാൻ' ക്ഷമാപണം നടത്തി.[www.malabarflash.com]

അജ്മീറിലെത്തുന്നവർക്ക് ദർഗാ സന്ദർശനം നടത്തിക്കൊടുക്കുന്ന ഒരു 'ഖാദിം' തന്റെ നിർദേശം അനുസരിക്കാത്ത ശിഹാബിനോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ട വീഡിയോ വിവാദമായിരുന്നു. തുടർന്നാണ് അജ്മീർ ദർഗ കേന്ദ്രീകരിച്ച ഖാദിമുകളുടെ സംഘടനയായ 'അഞ്ജുമൻ സയ്യിദ് സാദ്ഗാൻ' മാപ്പു പറഞ്ഞത്.

അജ്മീർ ദർഗയിലേക്ക് വരുന്നവരെ മഖ്ബറ സന്ദർശനം ചെയ്യിക്കുന്ന 'ഖാദിമു'കളുടെ സംഘടനയാണ് 'അഞ്ജുമൻ സയ്യിദ് സാദ്ഗാൻ'. അജ്മീറി​ൽ എത്തുന്ന തീർഥാടക​രെ സഹായിക്കാനെന്ന പേരിൽ 7500 ഖാദിമുകൾ ദർഗയെ ആശ്രയിച്ച് കഴിയുന്നുണ്ട്.

പ്രാർഥന തുടങ്ങിയപ്പോൾ ഇടയിൽ കയറി നിന്ന ഖാദിമുകളിലൊരാൾ തലയിൽ കൈവെച്ചത് ശിഹാബ് തട്ടിമാറ്റിയതും രോഷാകുലനായ ഖാദിം തിരിച്ചുപോകാൻ ആവശ്യപ്പെട്ടതും വലിയ വിവാദമാകുകയും പ്രതിഷേധവുമായി മതനേതാക്കൾ പലരും രംഗത്തുവരികയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിൽ അജ്മീർ ഖാദിമുകൾക്കെതിരെ വ്യാപക പ്രചാരണവും അരങ്ങേറി. ഇതേ തുടർന്നാണ് അജ്മീർ 'അഞ്ജുമൻ സയ്യിദ് സാദ്ഗാൻ' സെക്രട്ടറി സയ്യിദ് സർവർ ചിശ്തി ഖാദിമുകൾക്ക് വേണ്ടി മാപ്പു പറഞ്ഞത്.

Post a Comment

0 Comments