പട്ന: വിവിധ മതസമുദായങ്ങൾക്കിടയിൽ വിവാഹ വിപണികൾ പിടിമുറുക്കുന്ന ഈ കാലത്ത് ബിഹാറിൽ നിന്നുള്ള ഒരു വേറിട്ട ചന്തയെ കുറിച്ച് അറിയാം. മീൻ ചന്ത, പച്ചക്കറി ചന്ത തുടങ്ങി പലതരം ചന്തകൾ നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എന്നാൽ വിവാഹ ചന്തയെ കുറിച്ച് കേട്ടുകേൾവി പോലുമുണ്ടാകില്ല. ബിഹാറിലെ മധുബനി ജില്ലയിൽ ചെന്നാൽ അത്തരമൊരു 'വിവാഹ ചന്ത' കാണാം. 700 വർഷമായി ഇവിടുത്തെ ജനങ്ങൾ ആചരിച്ചു വരുന്ന വിശ്വാസമാണ് 'വരന്‍റെ ചന്ത'.[www.malabarflash.com]
വിവാഹ ചന്തയാണെങ്കിലും ഇവിടെ വരൻമാരെ മാത്രമാണ് വിൽക്കാൻ വെച്ചിരിക്കുന്നത്. വരൻമാരായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പുരുഷൻമാരെ കാണാൻ വധുവും ബന്ധുക്കളും ഒരുമിച്ച് മാർക്കറ്റിലേക്കെത്തുന്നു. അവിടെ വെച്ച് ചെക്കന്‍റെ കുടുംബ വിവരം, വിദ്യാഭ്യാസ യോഗ്യത, ജോലി വിവരങ്ങളുൾപ്പടെയുള്ളവ പെണ്ണും ബന്ധുക്കളും നേരിട്ട് ചോദിച്ചറിയും. പ്രായം എത്രയെന്ന് ഉറപ്പു വരുത്തുന്നതിന് വരന്‍റെ ജനന സർട്ടിഫിക്കറ്റുൾപ്പടെ മാർക്കറ്റിൽ വെച്ച് വധുവിന്‍റെ ബന്ധുക്കൾ പരിശോധിക്കും.
ഇത്തരം വിവരങ്ങളൊക്കെ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് വരനെ തെരഞ്ഞെടുക്കുന്നത്. പിന്നീട് പെണ്ണിന് ചെക്കനെ ഇഷ്ടമായെന്ന് പറഞ്ഞാൽ കുടുംബം മറ്റ് കാര്യങ്ങളിലേക്ക് കടക്കും. യോഗ്യത അനുസരിച്ച് ഓരോ വരനും വ്യത്യസ്ത വിലയായിരിക്കും വിപണിയിൽ ഉണ്ടാകുക.
പ്രാദേശിക ഐതിഹ്യമനുസരിച്ച് കർണാട് രാജവംശത്തിലെ രാജാ ഹരി സിങാണ് ഈ പാരമ്പര്യം ആരംഭിച്ചത്. വ്യത്യസ്ത ഗോത്രങ്ങൾക്കിടയിലെ വിവാഹം, സ്ത്രീധനം ഒഴിവാക്കൽ എന്നിവയാണ് വിവാഹ ചന്തയിലൂടെ അന്ന് ലക്ഷ്യമിട്ടിരുന്നതെന്നാണ് വിശ്വാസം. ചെക്കനും പെണ്ണും തമ്മിൽ ഏഴ് തലമുറകളിലായി രക്തബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ ആ വിവാഹം അനുവദനീയമായിരിക്കില്ല.
0 Comments