കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയിലേക്ക് കോഴിക്കോട് ടെർമിനലിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ നേരിട്ടുള്ള സർവീസിന് തുടക്കം. കോഴിക്കോട് ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.[www.malabarflash.com]
കോഴിക്കോട് നഗരത്തില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നോളജ് സിറ്റി മഹാ പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇത്തരത്തിലുള്ള സ്ഥാപനത്തിലേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയെന്നത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു ബസ് ആണ് ആരംഭിക്കുന്നതെങ്കിലും ആവശ്യം ബോധ്യപ്പെടുന്ന പക്ഷം എത്ര സര്‍വീസ് വേണമെങ്കിലും ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന് മുമ്പ് നോളജ് സിറ്റി സന്ദര്‍ശിച്ചിട്ടുണ്ട്. ആ സ്ഥാപനത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വയം താത്പര്യമെടുത്താണ് ഇത്തരത്തിലൊരു സര്‍വീസ് ആരംഭിച്ചതെന്നും നോളജ് സിറ്റി എന്ന ബോര്‍ഡ് വെച്ചുകൊണ്ട് തന്നെ സര്‍വീസ് നടത്താന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ നഗരത്തില്‍ നിന്ന് ദിനേന രണ്ട് സര്‍വീസാണ് നോളജ് സിറ്റിയിലേക്ക് കെ എസ് ആര്‍ ടി സി നടത്തുക. രാവിലെ 7.30ന് കോഴിക്കോട് നിന്നും 9.15ന് നോളജ് സിറ്റിയില്‍ നിന്ന് തിരിച്ചും യാത്ര ചെയ്യാവുന്ന രൂപത്തിലും വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് നിന്നും അഞ്ച് മണിക്ക് തിരിച്ചുമുള്ള രൂപത്തിലുമാണ് സമയക്രമം.
കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ദിവാകരന്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി, മര്‍കസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം യൂസുഫ് ഹൈദര്‍, മര്‍കസ് നോളജ് സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഡ്വ.തന്‍വീര്‍ ഉമര്‍, കെ എസ് ആര്‍ ടി സി ജില്ലാ ഓഫീസര്‍ പി കെ പ്രശോഭ് പ്രസംഗിച്ചു.
0 Comments