തിരുവനന്തപുരം: നഗരത്തിലെ ജനവാസമേഖലയിലെ വീടിനുള്ളില്‍ കയറി പട്ടാപ്പകല്‍ വയോധികയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ പ്രതി പിടിയില്‍. ഇതരസംസ്ഥാന തൊഴിലാളിയായ ആദം അലിയാണ് പിടിയിലായത്. ചെന്നൈ റെയില്‍വേ പോലീസാണ് ഇയാളെ പിടികൂടിയത്. ട്രെയിനില്‍ രക്ഷപെടുന്നതിനിടെയാണ് ചെന്നൈ ആര്‍പിഎഫ് സംഘം ഇയാളെ പിടികൂടിയത്. പെട്ടന്നുള്ള പ്രകോപനമാണ് കൊലപാതക കാരണമെന്നാണ് സംശയിക്കുന്നത്.[www.malabarflash.com]
കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകല്‍ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കാലുകളില്‍ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭര്‍ത്താവ് ദിനരാജും.
കൊലപാതകത്തിന് പിന്നാലെ മനോരമയുടെ വീടിന് സമീപത്തു താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ ആദം അലിയെയും കാണാതായിരുന്നു. മനോരമയുടെ വീടിനു സമീപം നിര്‍മാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ വീട്ടില്‍നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടെന്ന് പരിസരവാസികളില്‍ ചിലര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് ഞായറാഴ്ച വര്‍ക്കലയിലുള്ള കുടുംബവീട്ടില്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് ദിനരാജിനെ നാട്ടുകാര്‍ വിവരമറിയിച്ചു. വീട്ടുകാരെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ കാണാനില്ലെന്നു വ്യക്തമായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.
പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനടുത്തുള്ള താഴ്ചയുള്ള പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീടിന്റെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു കണ്ടാണ് പരിശോധന നടത്തിയത്. രാത്രി പത്തുമണിയോടെ പാതാളക്കരണ്ടിയിറക്കി അഗ്‌നിരക്ഷാസേന തിരച്ചില്‍ നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
0 Comments